'മരിക്കേണ്ടത് ഞാനായിരുന്നു', മകളും ഭര്‍ത്താവും കൂടെ ഇല്ലാത്ത തനിക്കെന്തിന് സ്വര്‍ണവും പണവുമെന്ന് ലക്ഷ്മി ബാലഭാസ്കർ 

'അപകടം നടന്ന ദിവസം ബാലുവായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിക്കുകയാണ്'
'മരിക്കേണ്ടത് ഞാനായിരുന്നു', മകളും ഭര്‍ത്താവും കൂടെ ഇല്ലാത്ത തനിക്കെന്തിന് സ്വര്‍ണവും പണവുമെന്ന് ലക്ഷ്മി ബാലഭാസ്കർ 

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കേ പ്രതികരിച്ച് ഭാര്യ ലക്ഷ്മി. ബാലഭാസ്‌കറിന് പകരം താനാണ് കൊല്ലപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രചരിക്കുന്ന അപവാദങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്നാണ് ലക്ഷ്മിയുടെ വാക്കുകൾ. ആരോപണങ്ങള്‍ തന്നെ തളര്‍ത്തുന്നുവെന്നും ലക്ഷമി പറഞ്ഞു. 

ഏറെ സ്‌നേഹിക്കുന്ന മകളും ഭര്‍ത്താവും കൂടെ ഇല്ലാത്ത തനിക്കെന്തിനാണ് സ്വര്‍ണവും പണവുമെന്നാണ് സ്വത്ത് തട്ടിയെടുക്കാന്‍ ആസൂത്രിതമായി വരുത്തി വച്ചതാണ് അപകടമെന്ന് പറയുന്നവരോടുള്ള ലക്ഷ്മിയുടെ ചോദ്യം. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി വിവാദങ്ങളോട് പ്രതികരിച്ചത്. 

"അപകടം നടന്ന ദിവസം ബാലുവായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിക്കുകയാണ്. അങ്ങനെയെങ്കില്‍ ബാലു ഇപ്പോഴും ഉണ്ടാവുമായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും വയലിന്‍ വായിക്കാന്‍ പറ്റുമായിരുന്നു. ബാലുവിന് പകരം താനാണ് മരിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ സംഭവിക്കില്ലായിരുന്നു", ലക്ഷ്മി പറഞ്ഞു. 

വഴിപാടുകൾ നടത്താനായി വടക്കുന്നാഥനിൽ പോയതും അന്ന് തന്നെ തിരിച്ചു വന്നതും ബാലുവിന്റെ താത്പര്യപ്രകാരമാണെന്നും ലക്ഷ്മി പറഞ്ഞു. അർജുനോട് വണ്ടി ഓടിക്കാൻ നിർദ്ദേശിച്ചതും ബാലുവാണ്.  ട്രാവല്‍ സിക്‌നസ് ഉള്ളതുകൊണ്ടാണ് മകള്‍ക്കൊപ്പം താൻ ഫ്രണ്ട് സീറ്റില്‍ ഇരുന്നത്, അഭിമുഖത്തിൽ ലക്ഷ്മി പറഞ്ഞു. 

"ബാലു ആളുകളെ കണ്ണടച്ച് വിശ്വസിക്കുമായിരുന്നു. അതുമാത്രമാണ് അദ്ദേഹത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ഒരു നെഗറ്റീവ്. ജീവിതത്തില്‍ ഒന്നിനോടും സ്വാര്‍ത്ഥത കാണിക്കാത്ത ആളായിരുന്നു ബാലു. കലയില്‍ ബാലു ഒട്ടും വിട്ടുവീഴ്ച കാണിക്കാറില്ല. ടീമംഗങ്ങളില്‍ ആരെങ്കിലും എപ്പോഴെങ്കിലും മദ്യപിച്ചെത്തിയാല്‍ അവരെ പുറത്താക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു അദ്ദേഹത്തിന്. അത്തരത്തിലൊരാള്‍ക്ക്‌ ക്രിമിനലുകളുമായി കൂട്ടുകൂടാൻ സാധിക്കുന്നത് എങ്ങനെയാണ്?", ലക്ഷ്മി ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com