മോദി സ്തുതി : എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി ; വിശദീകരണം പരിഹാസപൂര്‍വമെന്ന് കെപിസിസി

അബ്ദുള്ളക്കുട്ടിയുടെ  വിശദീകരണം തൃപ്തികരമല്ല. വിശദീകരണത്തിലും അബ്ദുള്ളക്കുട്ടി നിലപാടില്‍ ഉറച്ചുനിന്നു
മോദി സ്തുതി : എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി ; വിശദീകരണം പരിഹാസപൂര്‍വമെന്ന് കെപിസിസി

തിരുവനന്തപുരം : ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി. അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം പരിഹാസപൂര്‍ണമാണെന്ന് കെപിസിസി അറിയിച്ചു. വിശദീകരണം തൃപ്തികരമല്ല. വിശദീകരണത്തിലും അബ്ദുള്ളക്കുട്ടി നിലപാടില്‍ ഉറച്ചുനിന്നു. പാര്‍ട്ടിയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പൊതു വികാരത്തിന് എതിരായി പ്രവര്‍ത്തിച്ചു. മോദിയെ സ്തുതിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ തുടരുന്നത് അനുവദിക്കാനാവില്ലെന്നും, അതിനാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതായും കെപിസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 

തനിക്ക് ഇതുവരെ വിശദീകരണം ചോദിച്ച് കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു രാവിലെ അബ്ദുള്ളക്കുട്ടി പറഞ്ഞത്. തന്റെ വിലാസം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയില്ലേ. മൂന്നണ മെമ്പറായ തന്നെ എവിടെ നിന്ന് പുറത്താക്കും എന്നും അബ്ദുള്ളക്കുട്ടി പരിഹസിച്ചിരുന്നു. മോദിയെ സ്തുതിച്ചതില്‍ തെറ്റില്ലെന്നും അബ്ദുള്ളക്കുട്ടി ആവര്‍ത്തിച്ചു. 

നരേന്ദ്രമോദിയുടെ ഭരണതന്ത്രജ്ഞതയുടേയും വികസന അജണ്ടയുടേയും അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ വന്‍വിജയമെന്നായിരുന്നു എ.പി അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. മോദിയുടെ നേട്ടങ്ങളെ അക്കമിട്ട് നിരത്തിയ അബ്ദുള്ളക്കുട്ടി വിമര്‍ശിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ മറക്കരുതെന്നും കുറിച്ചിരുന്നു. ഇതിനെതിരെ കണ്ണൂര്‍ ഡി.സി.സി കെ.പി.സി.സിക്ക് പരാതി നല്‍കിയതോടെയാണ്  അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിച്ചത്. 

അബ്ദുള്ളക്കുട്ടിക്കെതിരെ ശക്തമായ നടപടി വേണമെന്ന് കെ.പി.സി സി നേതൃയോഗത്തിലും രാഷ്ട്രീയകാര്യ സമിതിയിലും ആവശ്യം ഉയര്‍ന്നിരുന്നു. അബ്ദുള്ളക്കുട്ടിയുടെ നിലപാടിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരനും കെ മുരളീധരനും വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com