യുവാവിന് രോഗബാധ മസ്തിഷ്‌കത്തില്‍; വായുവിലൂടെ പടരുമെന്ന ഭീതി വേണ്ടെന്ന് ഡോക്ടര്‍മാര്‍

രണ്ടാഴ്ചത്തെ ട്രെയിനിംഗ് ക്യാംപില്‍ നാലുദിവസം മാത്രമാണ് വിദ്യാര്‍ത്ഥി ഉണ്ടായിരുന്നത്
യുവാവിന് രോഗബാധ മസ്തിഷ്‌കത്തില്‍; വായുവിലൂടെ പടരുമെന്ന ഭീതി വേണ്ടെന്ന് ഡോക്ടര്‍മാര്‍

കൊച്ചി : നിപ ബാധയെന്ന സംശയത്തില്‍ കൊച്ചിയില്‍ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലുള്ള വിദ്യാര്‍ത്ഥിക്ക് രോഗം ബാധിച്ചത് മസ്തിഷ്‌കത്തിലെന്ന് ഡോക്ടര്‍മാര്‍. എന്നാല്‍ അപകടകരമായ അവസ്ഥയിലല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വിദ്യാര്‍ത്ഥിയുടെ ശ്വാസകോശത്തില്‍ രോഗബാധയുടെ ലക്ഷണങ്ങളില്ല. അതിനാല്‍ തന്നെ രോഗം വായുവിലൂടെ പടരുമെന്ന ഭീതി വേണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

കോഴിക്കോട് നിപ ബാധയുണ്ടായപ്പോള്‍ വൈറസ് രോഗികളുടെ ശ്വാസകോശത്തെയാണ് ബാധിച്ചത്. അതുകൊണ്ടുതന്നെ വായുവിലൂടെ രോഗം പെട്ടെന്ന് പടരുകയുണ്ടായി. എന്നാല്‍ കൊച്ചിയില്‍ പനിബാധിച്ച യുവാവിന് അത്തരം പ്രശ്‌നങ്ങളില്ല. മാത്രമല്ല യുവാവിനൊപ്പം കൂടെയുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ പനിയോ മറ്റ് അസുഖങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

എങ്കിലും വിദ്യാര്‍ത്ഥിക്കൊപ്പം താമസിച്ചവരും, ട്രെയിനിംഗ് ക്യാംപില്‍ അടുത്ത് ഇടപഴകിയവരെയും നിരീക്ഷണത്തില്‍ വെക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. വിദ്യാര്‍ത്ഥിക്ക് നിപ ബാധ സ്ഥിരീകരിച്ചാല്‍ ഇവരെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. പനിയോ ജലദോഷമോ ശരീരവേദനയോ തോന്നിയാല്‍ ഉടന്‍ ചികില്‍സ തേടണമെന്നും ഇവര്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

രണ്ടാഴ്ചത്തെ ട്രെയിനിംഗ് ക്യാംപില്‍ നാലുദിവസം മാത്രമാണ് വിദ്യാര്‍ത്ഥി ഉണ്ടായിരുന്നത്. ക്യാംപിലെത്തിയപ്പോള്‍ തന്നെ വിദ്യാര്‍ത്ഥിക്ക് ചെറിയ തോതില്‍ പനി ഉണ്ടായിരുന്നതായി തൃശൂര്‍ ഡിഎംഒ അറിയിച്ചു. അതിനിടെ നിപബാധ സംശയത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും അഞ്ചംഗ വിദഗ്ധ സംഘം കൊച്ചിയിലേക്ക് തിരിച്ചു. കോഴിക്കോട് നിപ രോഗബാധ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് കൊച്ചിയിലേക്ക് തിരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com