വിദ്യാര്‍ത്ഥിക്ക് രോഗം ബാധിച്ചത് തൊടുപുഴയില്‍ നിന്ന് ; തൃശൂരില്‍ ആറുപേര്‍ നിരീക്ഷണത്തില്‍ ; വടക്കന്‍ പറവൂരിലും ജാഗ്രതാനിര്‍ദേശം

വിദ്യാര്‍ത്ഥി പഠിച്ചിരുന്ന തൊടുപുഴയിലെ കോളേജും പരിസരവും നിരീക്ഷണത്തിലാണെന്ന് ഇടുക്കി ഡിഎംഒ അറിയിച്ചു
വിദ്യാര്‍ത്ഥിക്ക് രോഗം ബാധിച്ചത് തൊടുപുഴയില്‍ നിന്ന് ; തൃശൂരില്‍ ആറുപേര്‍ നിരീക്ഷണത്തില്‍ ; വടക്കന്‍ പറവൂരിലും ജാഗ്രതാനിര്‍ദേശം

കൊച്ചി : നിപ ബാധയെന്ന സംശയത്തില്‍ കൊച്ചിയില്‍ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലുള്ള വിദ്യാര്‍ത്ഥിക്ക് പനി ബാധിച്ചത് തൊടുപുഴയില്‍ നിന്ന്. തൊടുപുഴയിലെ കോളേജ് വിദ്യാര്‍ത്ഥിയാണ് എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവാവ്. വിദ്യാര്‍ത്ഥി പഠിച്ചിരുന്ന തൊടുപുഴയിലെ കോളേജും പരിസരവും നിരീക്ഷണത്തിലാണെന്ന് ഇടുക്കി ഡിഎംഒ അറിയിച്ചു. കോളേജ് മധ്യവേനലവധിക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. 

കോളേജിന് സമീപത്തെ വീട്ടിലാണ് വിദ്യാര്‍ത്ഥി മറ്റ് അഞ്ച് കുട്ടികള്‍ക്കൊപ്പം താമസിച്ചിരുന്നത്. അതിനാല്‍ വീട് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി ഇടുക്കി ഡിഎംഒ പറഞ്ഞു. കോളേജിലെ പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി തൃശൂരില്‍ രണ്ടാഴ്ചത്തെ ട്രെയിനിംഗ് ക്യാംപില്‍ പങ്കെടുത്തിരുന്നു. ഇവിടെ ട്രെയിനിംഗിനിടെയാണ് കലശലായ പനി ഉണ്ടാകുന്നതും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.

ട്രെയിനിംഗ് ക്യാംപിനിടെ യുവാവുമായി അടുത്തിടപഴകിയവരെ നിരീക്ഷിച്ചുവരികയാണെന്ന് തൃശൂര്‍ ഡിഎംഒ അറിയിച്ചു. യുവാവിനോട് അടുത്തടപഴകിയ ആറുപേരാണ് നിരീക്ഷണത്തിലുള്ളത്. യുവാവ് നാലുദിവസമാണ് ക്യാംപിലുണ്ടായിരുന്നത്. വിദ്യാര്‍ത്ഥി താമസിച്ച തൃശൂരിലെ ക്യാംപിലെ 22 പേര്‍ക്കും പനിയില്ലെന്നും തൃശൂര്‍ ഡിഎംഒ സ്ഥിരീകരിച്ചു. യുവാവിന് പനി ബാധിച്ചത് തൃശൂരില്‍ നിന്നല്ലെന്നും ഡിഎംഒ വ്യക്തമാക്കി. 

യുവാവിന്റെ ജന്മദേശമായ വടക്കന്‍ പറവൂരിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് സെക്രട്ടറി കൊച്ചിയില്‍ യോഗം വിളിച്ചു, കലക്ടറും പങ്കെടുക്കും. മുന്‍കരുതലായി കളമശേരി മെഡി. കോളജില്‍ ഐസലേഷന്‍ വാര്‍ഡ് തുറക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗിയില്‍ നിപ രോഗലക്ഷണങ്ങളില്‍ ചിലത് സ്ഥിരീകരിച്ചു. എന്നാല്‍ അനാവശ്യമായി ഭയപ്പെടേണ്ടതില്ല, എന്നാല്‍ രോഗലക്ഷണങ്ങളുള്ളവര്‍ ഉടന്‍ ചികില്‍സ തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കോഴിക്കോട് നിപ ബാധ പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കിയ മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്റെ ഉപദേശവും തേടുമെന്നും മന്ത്രി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍നിന്ന് എത്തിച്ച മരുന്ന്  നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ട്. നിപ സ്ഥിരീകരിച്ചാല്‍ അത് സംസ്ഥാന ആരോഗ്യവകുപ്പിന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.കോഴിക്കോട് മെഡി. കോളജില്‍ നിന്ന് നിപബാധിതരെ ചികില്‍സിച്ച് പരിചയമുള്ള ഡോക്ടര്‍മാര്‍ കൊച്ചിയിലെത്തും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടര്‍മാര്‍ കൊച്ചിയിലെത്തും. നിപബാധിതരെ ചികില്‍സിച്ച് പരിചയമുള്ളവരാണ് എത്തുക. ആരോഗ്യമന്ത്രി ഇന്ന് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com