നിപ മഹാവ്യാധിയായി പടര്‍ന്ന് പിടിക്കില്ല; സ്ഥിതി നിയന്ത്രണത്തിലെന്ന് ഐഎംഎ

നിപ രോഗ ബാധ ഉണ്ടാകുന്നവരില്‍ കൂടുതല്‍ പേര്‍ക്കും അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്നൊരുക്കം ആവശ്യമാണെന്ന് ഐഎംഎ
നിപ മഹാവ്യാധിയായി പടര്‍ന്ന് പിടിക്കില്ല; സ്ഥിതി നിയന്ത്രണത്തിലെന്ന് ഐഎംഎ

തിരുവനന്തപുരം: നിപ വൈറസ് ബാധ പ്ലേഗ് പോലെയോ, വസൂരി പോലെയോ ദശലക്ഷം പേര്‍ക്ക് പടര്‍ന്ന് പിടിക്കാന്‍ കഴിയുന്ന മഹാവ്യാധിയല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ . അത് കൊണ്ട് കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിലില്ല. എന്നാല്‍ നിപ രോഗ ബാധ ഉണ്ടാകുന്നവരില്‍ കൂടുതല്‍ പേര്‍ക്കും അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്നൊരുക്കം ആവശ്യമാണെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി.

നിപ രോഗം പ്രത്യക്ഷപ്പെട്ട രാജ്യങ്ങളിലൊക്കെയും വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ് രോഗം പിടിപെട്ടിട്ടുള്ളത്. അസുഖം ബാധിച്ചവരില്‍ മരണ നിരക്ക് കൂടുതലുമായിരുന്നു.നിലവില്‍ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണത്തിലാണ് .

സംസ്ഥാനത്ത് രണ്ടാം തവണ എത്തിയ നിപ  രോഗ ബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ബാധിക്കാനുള്ള സാഹചര്യം വിരളമാണ്. എങ്കില്‍ പോലും, മുന്‍ കരുതല്‍ നടപടികള്‍ ശക്തമാക്കേണ്ടത് അത്യാവശ്യമാണെന്നും ഐഎംഎ വിലയിരുത്തി. രോഗം പകരാന്‍ സാധ്യതയുള്ള വവ്വാലുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും ബന്ധപ്പെട്ട രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും മാത്രമാണ് രോഗം പിടിപെടാന്‍ സാധ്യതയുള്ളത്. അതിനാല്‍ തന്നെ അത്തരം ആള്‍ക്കാര്‍ക്ക് കര്‍ശന നിരീക്ഷണം അത്യന്താപേക്ഷിതവുമാണ്.

നിപ ബാധയുടെ പേരില്‍ കോഴിക്കോട്ട് നടന്ന പോലെ നഗരങ്ങളെ വിജനമാക്കുന്ന രീതിയില്‍ പൊതുജനങ്ങള്‍ ഭയപ്പെട്ടാല്‍ പ്രതിരോധം ശരിയായ രീതിയില്‍ അല്ല എന്ന് പറയേണ്ടി വരും. അതിനാല്‍ തന്നെ ഓഫീസുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും വിട്ടു നില്‍ക്കുന്നതും, കടകളും, മറ്റ് പൊതുയിടങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതുമായ പ്രവണത ഒഴിവാക്കേണ്ടതാണ്. പൊതു നിരത്തുകളില്‍ മാസ്‌ക് ധരിച്ച് കൊണ്ടും പൊതു ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം തെറ്റിദ്ധാരണാ ജനകമാണ്. ഇത് വരെ ഇന്ത്യയിലും, ലോകത്തിലെ മറ്റ് സ്ഥലങ്ങിളും നിപ പടര്‍ന്ന് പിടിച്ചിട്ടുള്ളത് രോഗികളുമായി അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമാണ്. ഇതില്‍ ഏറ്റവും ഏറ്റവും അപകടം ഉണ്ടാകുന്നത് ഡോക്ടര്‍മാരിലും മറ്റ് ആരോഗ്യ പ്രവര്‍ത്തകരിലുമാണ്. അതിനാല്‍ തന്നെ രോഗിയെ പരിചരിക്കുമ്പോള്‍ കാത്ത് സൂക്ഷിക്കേണ്ട നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം.

നിപ പ്രതിരോധനത്തിനായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായ നടപടികള്‍ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. കേരളത്തിലെ 30,000 ഡോക്ടര്‍മാര്‍ക്ക് നിപ ചികിത്സയുടെ ഏറ്റവും നൂതനമായ ചികിത്സ രീതികള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇതിനകം കൈമാറിക്കഴിഞ്ഞു. അതോടൊപ്പം കേരളത്തിലെ മുഴുവന്‍ ആശുപത്രികളിലേയും ജീവനക്കാരും,ഡോക്ടര്‍മാരും രോഗിയെ ചികിത്സിക്കുമ്പോള്‍ സ്വീകരിക്കേണ്ട വ്യക്തി സംരക്ഷണത്തെ സംബന്ധിച്ചുള്ള പരിശീലനവും നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ പൊതു ജനങ്ങള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ ബോധവത്കണം നല്‍കുവാനും, സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ എന്‍ 95 മാസ്‌ക്കിന്റെ അഭാവം ഉണ്ടാവുകയാണെങ്കില്‍ അത് സൗജന്യമായി എത്തിക്കുവാന്‍ തീരുമാനം എടുത്തതായും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ.സുഗതനും, സെക്രട്ടറി ഡോ. സുള്‍ഫി നൂഹുവും അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com