നിപയുടെ ഉറവിടം ഇടുക്കിയെന്ന് പറയാനാവില്ല ; ജില്ലയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ലെന്ന് ഡിഎംഒ

തൊടുപുഴയില്‍ പഠിക്കുന്ന എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്
നിപയുടെ ഉറവിടം ഇടുക്കിയെന്ന് പറയാനാവില്ല ; ജില്ലയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ലെന്ന് ഡിഎംഒ

ഇടുക്കി : കൊച്ചിയിലെ നിപ രോഗബാധയുടെ ഉറവിടം ഇടുക്കിയാണെന്ന് പറയാനാവില്ലെന്ന് ഇടുക്കി ഡിഎംഒ എന്‍ പ്രിയ വ്യക്തമാക്കി. ഇടുക്കിയാണ് ഉത്ഭവകേന്ദ്രമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ജില്ലയില്‍ ആരും നിരീക്ഷണത്തില്‍ ഇല്ല. വിദ്യാര്‍ത്ഥികള്‍ തൊടുപുഴയില്‍ സ്ഥിരതാമസമില്ലായിരുന്നു. കഴിഞ്ഞ ഒന്നരമാസമായി വിദ്യാര്‍ത്ഥി എവിടെയായിരുന്നു എന്ന് കണ്ടെത്തണമെന്നും ഡിഎംഒ ആവശ്യപ്പെട്ടു. 

തൊടുപുഴയില്‍ പഠിക്കുന്ന എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. യുവാവിന്റെ തലച്ചോറിലാണ് രോഗബാധ ഉണ്ടായത്. ഇടക്കിടെ ബോധക്ഷയം അനുഭവപ്പെട്ടുകൊണ്ടിരുന്ന യുവാവിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തൊടുപുഴയില്‍ വിദ്യാര്‍ത്ഥി പഠിച്ച കോളേജിലും, താമസിച്ചിരുന്ന കോളേജിന് സമീപത്തെ വീട്ടിലും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ഇവിടെ ജാഗ്രത തുടരുകയാണ്. 

വിദ്യാര്‍ത്ഥിയുടെ സുഹൃത്തായ ഒരാള്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. മറ്റൊരാള്‍ക്കും അസ്വസ്ഥതകള്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ത്ഥിയെ പരിചരിച്ച രണ്ട് നഴ്‌സുമാര്‍ക്കും പനിയും തൊണ്ടവേദനയും അടക്കമുള്ള അസ്വസ്ഥതകളുണ്ട്. അവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്രസംഘം എത്തിയശേഷം വിദഗ്ധ പഠനം ആരംഭിക്കും. സമീപകാലത്ത് നിപ രോധബാധ മൂലം ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്നകാര്യങ്ങള്‍ അടക്കം പരിശോധിക്കും. പനി എപ്പോഴാണ് ആരംഭിച്ചത് അടക്കമുള്ള കാര്യങ്ങള്‍, ചികില്‍സയിലുള്ള രോഗിയോട് ഇപ്പോള്‍ ചോദിക്കാവുന്ന സാഹചര്യമല്ല ഉള്ളതെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com