പ്രതിഷേധങ്ങള്‍ ഫലംകണ്ടു; പാലരുവി എക്‌സ്പ്രസിന് ഇനിമുതല്‍ 14 കോച്ചുകള്‍

തിരുനെല്‍വേലി -പാലക്കാട് പാലരുവി എക്‌സ്പ്രസ് ട്രെയിനില്‍ 2 സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റുകള്‍ സഹിതം 14 കോച്ചുകളായി സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചതായി എംപി കൊടിക്കുന്നില്‍ സുരേഷ് റിയിച്ചു
പ്രതിഷേധങ്ങള്‍ ഫലംകണ്ടു; പാലരുവി എക്‌സ്പ്രസിന് ഇനിമുതല്‍ 14 കോച്ചുകള്‍

കൊല്ലം: തിരുനെല്‍വേലി -പാലക്കാട് പാലരുവി എക്‌സ്പ്രസ് ട്രെയിനില്‍ 2 സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റുകള്‍ സഹിതം 14 കോച്ചുകളായി സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചതായി എംപി കൊടിക്കുന്നില്‍ സുരേഷ് റിയിച്ചു. പാലരുവി എക്‌സ്പ്രസില്‍ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതു വാര്‍ത്തകളായതിനെ തുടര്‍ന്ന്‌
പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, ചീഫ് ഓപ്പറേറ്റിങ് മാനേജര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് 16791, 16792 നമ്പര്‍ പാലരുവി എക്‌സ്പ്രസ് 14 കോച്ചുകളുള്ള ട്രെയിനായി ഓടിക്കാന്‍ ദക്ഷിണ റെയില്‍വേയുടെ ഭാഗത്ത് നിന്നു നടപടിയുണ്ടായതെന്നു കൊടിക്കുന്നില്‍ പറഞ്ഞു.

പാലരുവി തിരുനെല്‍വേലി വരെ നീട്ടിയതിനെത്തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. കോച്ചുകളുടെ എണ്ണം കുറഞ്ഞതു കാരണം റെയില്‍വേ സ്‌റ്റേഷന്റെ മധ്യഭാഗത്താണു ട്രെയിന്‍ നിര്‍ത്തുന്നത്. ഇതോടെ ട്രെയിനില്‍ കയറുന്നതിനും ഇറങ്ങുന്നതിനും യാത്രക്കാര്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്നും വാര്‍ത്തകളുടെ പകര്‍പ്പു സഹിതം റെയില്‍വേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതെ തുടര്‍ന്ന് ഇനി മുതല്‍ 14 കോച്ചുകളോടു കൂടിയ ട്രെയിനായി ഓടണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയതായി കെടിക്കുന്നിലിനെ റെയില്‍വേ അറിയിച്ചു. പാലരുവി എക്‌സ്പ്രസ് ട്രെയിനിലെ കോച്ചുകളുടെ എണ്ണം ഇനി വെട്ടിച്ചുരുക്കിയാല്‍ ശക്തമായി പ്രതികരിക്കുമെന്നു റെയില്‍വേയ്ക്കു മുന്നറിയിപ്പ് നല്‍കിയതായും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com