ഇനി ഡാമുകള്‍ നിറഞ്ഞു കവിയില്ല; മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചുവെന്ന് വൈദ്യുതി ബോര്‍ഡ്
By സമകാലികമലയാളം ഡെസ്‌ക് | Published: 05th June 2019 04:56 AM |
Last Updated: 05th June 2019 04:56 AM | A+A A- |

തിരുവനന്തപുരം: ഇനി മുതല്‍ എത്ര കനത്ത മഴയിലും വൈദ്യുതി ബോര്‍ഡിന്റെ വലിയ ഡാമുകള്‍ നിറഞ്ഞുകവിയില്ല. നിശ്ചിത ജലനിരപ്പ് എത്തിയാലുടന്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചു ജലനിരപ്പു താഴ്ത്തുകയോ അണക്കെട്ടു തുറന്നു വിട്ടു ജലനിരപ്പ് നിയന്ത്രിക്കുകയോ ചെയ്യാനാണു തീരുമാനമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള അറിയിച്ചു.
ഇടുക്കി, ഇടമലയാര്‍, പമ്പ, കക്കി, ആനത്തോട് അണക്കെട്ടുകള്‍ക്കാണ് ഇതു ബാധകം. ഇതിനായി ഓരോ ജലസംഭരണിക്കുമുള്ള മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിനു തടയണകള്‍ ഉള്‍പ്പെടെ 59 അണക്കെട്ടുകള്‍ ഉള്ളതില്‍ 17 എണ്ണത്തിനാണു ഷട്ടറുകള്‍ ഉള്ളത്. ഇവ മാത്രമേ അടിയന്തര സന്ദര്‍ഭങ്ങളില്‍ തുറക്കാനാവൂ. ഇതില്‍ 21 ഡാമുകളുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയാറാണ്.
എല്ലാ അണക്കെട്ടുകളും സുരക്ഷിതവും മഴ നേരിടാന്‍ സജ്ജവുമാണെന്നു ഡാം സുരക്ഷാ അധികൃതര്‍ അറിയിച്ചു. ജലവിഭവ വകുപ്പിനു കീഴില്‍ 16 അണക്കെട്ടുകളും 4 ബാരേജുകളുമാണുള്ളത്. 16 എണ്ണത്തിന്റെയും എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയാറാക്കിയെങ്കിലും കേന്ദ്ര ജല കമ്മിഷന്റെ അനുമതി ലഭിച്ചതു 12 എണ്ണത്തിനാണ്. അണക്കെട്ടുകളും കനാലുകളും കാലവര്‍ഷം നേരിടാന്‍ പൂര്‍ണ സജ്ജമാണെന്നു ജലവിഭവ വകുപ്പ് അധികൃതര്‍ പറഞ്ഞു.