വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി ; നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചുപേരുടെ പരിശോധനാഫലം നാളെ ലഭിച്ചേക്കുമെന്ന് മന്ത്രി ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ പ്രത്യേക അവലോകനയോഗം
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th June 2019 10:55 AM |
Last Updated: 05th June 2019 10:58 AM | A+A A- |

കൊച്ചി : നിപ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദ്യാര്‍ത്ഥിയുടെ നില സ്റ്റേബിളാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥിയെ പരിചരിച്ച മൂന്ന് നഴ്‌സുമാരും ഒരു സുഹൃത്തും അടക്കം പനി ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ചുപേരുടെയും നിലയിലും പുരോഗതിയുണ്ട്. അവരുടെ പനി ഇന്നലത്തേക്കാളും കുറഞ്ഞിട്ടുണ്ട്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇവരുടെ രക്തസാമ്പിളും സ്രവങ്ങളും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചു. അവയുടെ ഫലം നാളെ വൈകീട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പനി ബാധിതരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല. അതിനാല്‍ ഫലം നെഗറ്റീവാകുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ. നിപ ബാധിച്ച വിദ്യാര്‍ത്ഥിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധം പുലര്‍ത്തിയവര്‍ അടക്കം 311 പേരുടെ കോണ്ടാക്ട് ലിറ്റ് ആരോഗ്യവകുപ്പ് എടുത്തിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്.
ഈ 311 പേരും വിദ്യാര്‍ത്ഥിയുമായി നേരിട്ട് കോണ്ടാക്ട് ചെയ്തവര്‍ ആകണമെന്നില്ല. ഇക്കാര്യത്തില്‍ വൈകീട്ടത്തെ അവലോകനയോഗത്തിന് ശേഷം പറയാം. നിപയുടെ ഉറവിടം കണ്ടെത്താനായി കേന്ദ്രസംഘം പരിശോധന നടത്തുന്നുണ്ട്. ആ പരിശോധനകള്‍ തുടരുകയാണ്.
അതേസമയം നിപ രോഗബാധയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ കൊച്ചിയില്‍ പ്രത്യേക അവലോകനയോഗം നടക്കും. വൈകീട്ട് മൂന്നുമണിക്കാണ് യോഗം. നിപ ബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതില്‍ മാറ്റം വരുത്തേണ്ടതില്ല. ഏതെങ്കിലും മേഖല തിരിച്ച് സ്‌കൂളുകള്‍ തുറക്കുന്നതില്‍ മാറ്റം വരുത്തണോ എന്ന കാര്യം വൈകീട്ടോടെ തീരുമാനിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.