'തിരകള്‍ വരും പോവും. ആജീവനാന്തം സ്ഥാനങ്ങള്‍ കൊടുക്കാന്‍ പറ്റുമോ?'; മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ സുധാകരന്‍ 

ബിജെപിക്കാര്‍ പോലും മോദിയെ ഗാന്ധിയോട് ഉപമിക്കില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടി
'തിരകള്‍ വരും പോവും. ആജീവനാന്തം സ്ഥാനങ്ങള്‍ കൊടുക്കാന്‍ പറ്റുമോ?'; മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് കെ സുധാകരന്‍ 

കോഴിക്കോട്: മോദിയെ സ്തുതിച്ചതിന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്  കെ സുധാകരന്‍. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. ബിജെപിക്കാര്‍ പോലും മോദിയെ ഗാന്ധിയോട് ഉപമിക്കില്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്നും കെ സുധാകരന്‍ പറഞ്ഞു. 

'തിരകള്‍ വരും പോവും. ആജീവനാന്തം സ്ഥാനങ്ങള്‍ കൊടുക്കാന്‍ പറ്റുമോ? സിപിഐഎമ്മില്‍ നിന്ന് വന്നത് കൊണ്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ത്തത്.  പക്ഷേ ഗുണമുണ്ടായില്ല' കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയത്തിന് അനുയോജ്യമായ തീരുമാനമാണ് അന്ന് കൈക്കൊണ്ടത്. സിപിഎം വിട്ട അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് താന്‍ വാക്ക് നല്‍കിയിരുന്നു.

ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനാണെന്നും സുധാകരന്‍ പറഞ്ഞു. അബ്ദുള്ളക്കുട്ടിക്ക് മത്സരിക്കാന്‍ കണ്ണുര്‍ മണ്ഡലം നല്‍കിയത് സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷമുള്ള അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റിന് അവകാശവാദം ഉന്നയിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാം തവണ അവസരം നല്‍കിയത് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്നും കെ സുധാകരന്‍ വെളിപ്പെടുത്തി. 

എപി അബുള്ളക്കുട്ടിക്കെതിരെ വിഎം സുധീരന്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ട്. ഏകനായാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലേക്ക് വന്നത്. എന്തായാലും സിപിഎമ്മിനെപ്പോലെ പാര്‍ട്ടി വിട്ട് പോകുന്നവരുടെ കാലും കയ്യും വെട്ടില്ല. അബ്ദുള്ളക്കുട്ടി ബിജെപിയില്‍ പോയി നന്നായിവരട്ടെയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com