ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ എവിടെ ?; അപകടത്തിനുശേഷം വന്ന ഫോൺകോൾ ആരുടേത് ?; ദുരൂഹത തുടരുന്നു

അപകടത്തിനുശേഷം വന്ന ഒരു ഫോൺകോളിനെ സംബന്ധിച്ചും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്
ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ എവിടെ ?; അപകടത്തിനുശേഷം വന്ന ഫോൺകോൾ ആരുടേത് ?; ദുരൂഹത തുടരുന്നു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ തേടി ക്രൈംബ്രാഞ്ച് സംഘം. മരണം നടന്ന് എട്ടുമാസത്തിനുശേഷവും ബാലഭാസ്കറിന്റെ മൊബൈൽഫോൺ തിരികെക്കിട്ടിയിട്ടില്ല. അപകടസമയത്ത് ബാലഭാസ്കറിന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ സ്വർണക്കടത്തുകേസിൽ റിമാൻഡിലുള്ള പ്രകാശൻ തമ്പിയുടെ കൈവശമുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇയാളെ ചോദ്യംചെയ്യാൻ എറണാകുളത്തെ പ്രത്യേക സാമ്പത്തികകോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി.

അപകടത്തിനുശേഷം വന്ന ഒരു ഫോൺകോളിനെ സംബന്ധിച്ചും ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. മരണശേഷവും ബാലഭാസ്കറിന്റെ പലരേഖകളും ബന്ധുക്കൾക്ക് ലഭിക്കുന്നത് പ്രകാശൻ തമ്പിയും വിഷ്ണുവും തടയാൻ ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ബാലഭാസ്കറിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലും ലഭിച്ചില്ലെന്ന് ബന്ധു പറഞ്ഞു. 

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് അർജുൻ ആണെന്ന് ലക്ഷ്മി മൊഴി നൽകി.  കൊല്ലത്ത് ഒരുകടയിൽ ഇറങ്ങിയശേഷം വീണ്ടും അർജുൻതന്നെയാണ് വാഹനം ഓടിച്ചത്. ബാലഭാസ്കർ പിറകിലത്തെ സീറ്റിൽ കിടക്കുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ആശുപത്രിയിൽവെച്ച് അർജുൻ പറഞ്ഞതായി ലക്ഷ്മിയുടെ അമ്മയും അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്.

ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന് സാക്ഷിമൊഴികളുമുണ്ട് . ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് അർജുനാണെന്നാണ് സാക്ഷിയായ വർക്കല സ്വദേശി അശ്വിനും വ്യക്തമാക്കി.  ബാലഭാസ്കർ പിറകിലത്തെ സീറ്റിലാണ് കിടന്നതെന്നും ഇയാൾ പറഞ്ഞു. അപകടത്തിന്റെ ദൃക്സാക്ഷികൂടിയായ കെഎസ്ആർടിസി ഡ്രൈവർ അജിയും ഇത്തരത്തിലുള്ള മൊഴിയാണ് പൊലീസിന് നൽകിയിട്ടുള്ളത്.  അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന സാക്ഷികളുടെ മൊഴികളും ഉടൻ രേഖപ്പെടുത്തും.

മൊഴികൾ ശാസ്ത്രീയമായി തെളിയിക്കാൻ ബാലഭാസ്കറിനെ ചികിത്സിച്ച ഡോക്ടമാരുടെ മൊഴിയും ശേഖരിക്കും. വാഹനത്തിലെ മുടിനാരുകൾ പരിശോധിച്ച് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നവരെ കണ്ടെത്തുന്നതിനുള്ള സയിന്റിഫിക് പരിശോധനയും ഉടൻ നടത്തും. അപകടത്തിനുമുമ്പ് കൊല്ലത്ത് വാഹനം നിർത്തിയ കടയിലെയും ചുറ്റുമുള്ള സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. ബാലഭാസ്കറിന്റെ സാമ്പത്തിക വരവുചെലവ് കണക്കുകളുടെയും സമ്പാദ്യങ്ങളുടെയും രേഖകളും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അപകടദിവസം ദുരൂഹസാഹചര്യത്തിൽ രണ്ടുപേരെ കണ്ടുവെന്ന ആരോപണമുന്നയിച്ച കലാഭവൻ സോബിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com