രോ​ഗി ചികിത്സ കിട്ടാതെ മരിച്ച സംഭവം; ആരോ​ഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്
രോ​ഗി ചികിത്സ കിട്ടാതെ മരിച്ച സംഭവം; ആരോ​ഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഉത്തരവിട്ടത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 

കട്ടപ്പന സ്വദേശിയായ ജേക്കബ് തോമസാണ് മരിച്ചത്. എച്ച്‍വൺ എൻവൺ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62 വയസുകാരനായ ജേക്കബ് തോമസിനെ വെന്‍റിലേറ്റർ ഇല്ലാത്തതിനാൽ ആശുപത്രി അധികൃത‍ർ മടക്കിയയച്ചുവെന്നാണ് ആക്ഷേപം.

രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും വെൻറിലേറ്റർ ലഭ്യമായില്ല. കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രികളും ചികിത്സ നിഷേധിച്ചു. കാരിത്താസ്, മാതാ ആശുപത്രികളിലെ ഡോക്ടർമാരും തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ചയാളുടെ മകൾ റെനി പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. 

അതേസമയം രോഗി മരിച്ചതിനെത്തുട‍ർന്ന് ആശുപത്രി പിആ‍ർഒയെ ജേക്കബിന്‍റെ ബന്ധുക്കൾ മ‍ർദ്ദിച്ചുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. ജേക്കബ് തോമസിന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോട്ടയം മെഡിക്കൽ കോളജിന്‍റെ മുന്നിൽ നി‍ർത്തിയിട്ട് ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. ഏറ്റുമാനൂ‍ർ പൊലീസ് സംഭവസ്ഥലത്തെത്തി മരിച്ചയാളുടെ മകളുടെ മൊഴി രേഖപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com