കടക്കു പുറത്തു പറഞ്ഞിട്ടും ചെങ്ങന്നൂരില്‍ ജയിച്ചില്ലേ?; മുഖ്യമന്ത്രിയുടെ ശൈലി മാറ്റണം എന്നത് അസംബന്ധമെന്ന് കാനം, സിപിഐയില്‍ ഭിന്നത

മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയെച്ചൊല്ലി സിപിഐയില്‍ ഭിന്നത
കടക്കു പുറത്തു പറഞ്ഞിട്ടും ചെങ്ങന്നൂരില്‍ ജയിച്ചില്ലേ?; മുഖ്യമന്ത്രിയുടെ ശൈലി മാറ്റണം എന്നത് അസംബന്ധമെന്ന് കാനം, സിപിഐയില്‍ ഭിന്നത

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയെച്ചൊല്ലി സിപിഐയില്‍ ഭിന്നത. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ശബരിമല വിഷയത്തില്‍ പിണറായി സ്വീകരിച്ച കടുംപിടുത്തമാണെന്ന അഭിപ്രായം പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന ഒരുവിഭാഗം നേതാക്കളുടെ ആവശ്യം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തള്ളി. 

സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവാണ് റിപ്പോര്‍ട്ടില്‍ ശബരിമല വിഷയത്തില്‍ പിണറായി സ്വീകരിച്ച നിലപാടാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായത് എന്ന് വാദിച്ചത്. ഇത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു പ്രകാശ് ബാബുവിന്റെയും മറ്റ് നേതാക്കളുടെയും ആവശ്യം. 

എന്നാല്‍ ഇത് തള്ളിയ കാനം, മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന മുന്‍നിലപാടില്‍ ഉറച്ചുനിന്നു. പിണറായി ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും അമ്പത് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ശൈലി എങ്ങനെയാണ് പെട്ടെന്ന് മാറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു. ശൈലി മാറ്റണമെന്ന ആവശ്യം അസംബന്ധമാണെന്നും കാനം പറഞ്ഞു. 

മാധ്യമങ്ങളോട് പിണറായി 'കടക്കുപുറത്ത്' പറഞ്ഞതിന് ശേഷമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വന്നതും വലിയ വിജയം നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചതായി കാനം സംസ്ഥാന എക്‌സിക്യൂട്ടിവില്‍ അവവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ വികാരം തെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീം കോടതി വിധി നടപ്പാക്കിയതിലൂടെ സവര്‍ണ ഹിന്ദുക്കള്‍ സര്‍ക്കാരിനെതിരായി. കൂടാതെ ന്യൂനപക്ഷ ഏകീകരണവും തോല്‍വിക്ക് കാരണമായി. മോദി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിച്ചെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com