നന്ദി പറയാന്‍ രാഹുല്‍ നാളെ വയനാട്ടില്‍ ; 12 ഇടങ്ങളില്‍ റോഡ് ഷോ

ഉച്ചക്ക് ഒന്നരക്ക് കരിപ്പൂരിലെത്തുന്ന രാഹുല്‍ഗാന്ധി വണ്ടൂര്‍ നിയമസഭ നിയോജക മണ്ഡലത്തിലെ കാളികാവാണ് റോഡ്‌ഷോക്ക് ആദ്യമെത്തുക
നന്ദി പറയാന്‍ രാഹുല്‍ നാളെ വയനാട്ടില്‍ ; 12 ഇടങ്ങളില്‍ റോഡ് ഷോ

കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് നന്ദി പറയാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും. മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാനെത്തുന്ന രാഹുല്‍ ഗാന്ധി മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ്ഷോയില്‍ പങ്കെടുക്കും. 

ഉച്ചക്ക് ഒന്നരക്ക് കരിപ്പൂരിലെത്തുന്ന രാഹുല്‍ഗാന്ധി വണ്ടൂര്‍ നിയമസഭ നിയോജക മണ്ഡലത്തിലെ കാളികാവാണ് റോഡ്‌ഷോക്ക് ആദ്യമെത്തുക. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാര്‍ മാര്‍ഗമാണ് യാത്ര.  തുടര്‍ന്ന് നിലമ്പൂര്‍ ടൗണിലെ ചന്തക്കുന്നു മുതല്‍ ചെട്ടിയങ്ങാടി വരെ റോഡ്്‌ഷോ നടത്തും. 

ഇതിന് ശേഷം ഏറനാട് നിയമസഭ മണ്ഡലത്തിലെ എടവണ്ണയിലേക്കാണ് യാത്ര. സീതീഹാജി പാലം മുതല്‍ ജമാലങ്ങളാടി വരെ തുറന്ന വാഹനത്തിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തും. ഏറനാട്ടിലെ തന്നെ അരീക്കോടും  രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയുണ്ട്. 

തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭ മണ്ഡലത്തിലെ മുക്കത്തും ഈങ്ങാപ്പുഴയിലും റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ റോഡ് ഷോ ഞായറാഴ്ചത്തേക്ക് മാറ്റാന്‍ എസ്പിജി നിര്‍ദേശിച്ചിട്ടുണ്ട്. കാലവര്‍ഷം ശക്തമായാല്‍ റോഡ് ഷോയെ ബാധിക്കുമോ എന്ന ആശങ്കയും യുഡിഎഫ് ക്യാംപിലുണ്ട്. 

ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി പതിവ് സീറ്റായ അമേഠിക്ക് പുറമെ, വയനാട്ടിലും മല്‍സരിക്കുകയായിരുന്നു. വയനാട്ടില്‍ നിന്നും 4.31 ലക്ഷം എന്ന കേരളത്തിന്റെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് രാഹുല്‍ വിജയിച്ചത്. അതേസമയം സിറ്റിംഗ് സീറ്റായ അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് രാഹുല്‍ പരാജയപ്പെടുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com