അര്‍ധരാത്രി കാറു തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കാന്‍ ശ്രമം;പൊലീസിനെ കുഴക്കി റോഡില്‍ അഴിഞ്ഞാട്ടം, ഒടുവില്‍ സംഘം പിടിയില്‍

ദേശീയ പാതയില്‍ അര്‍ധരാത്രി കാര്‍ തടഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍.
അര്‍ധരാത്രി കാറു തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കാന്‍ ശ്രമം;പൊലീസിനെ കുഴക്കി റോഡില്‍ അഴിഞ്ഞാട്ടം, ഒടുവില്‍ സംഘം പിടിയില്‍


ഓച്ചിറ : ദേശീയ പാതയില്‍ അര്‍ധരാത്രി കാര്‍ തടഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ കൊള്ളയടിക്കാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍. ഓച്ചിറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശികളായ പുറക്കാട് തിരുവാതിരയില്‍ അര്‍പ്പിത് നായര്‍ (32), പുറക്കാട് കൊച്ചുപ്ലാപ്പള്ളില്‍ നിഖില്‍ രാജ് (20), പുറക്കാട് നാലുപറമ്പില്‍ ശ്രീജിത്ത് (28) എന്നിവരാണ് ഇന്നലെ രാത്രി ഒരു മണിയോടെ ഓച്ചിറയില്‍ പിടിയിലായത്.

എറണാകുളത്ത് നിന്നും കാറില്‍ ചവറയിലെ വീട്ടിലേക്ക് ടാറ്റാ ടിയാഗോ കാറില്‍ മടങ്ങുകയായിരുന്ന ചവറ പുത്തന്‍സങ്കേതം പ്രകാശ് ഭവനില്‍ പ്രകാശ്, ഭാര്യ, സഹോദരി, അമ്മ എന്നിവരെയാണ് ഇവര്‍ കൊള്ളയടിക്കാന്‍ ശ്രമിച്ചത്. സംഭവച്ചെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രാത്രി 12.15ഓടുകൂടി തോട്ടപ്പള്ളിയില്‍ വച്ച് പ്രകാശും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് കുറുകെ അക്രമികളുടെ കാര്‍ കയറ്റി ഇട്ടു. പ്രകാശ് കാര്‍ നിറുത്താതെ വളച്ചെടുത്ത് മുന്നോട്ടുപോയി. പിന്തുടര്‍ന്ന സംഘം ഓച്ചിറ കൊണ്ടാട്ട് ജംഗ്ഷനില്‍ വച്ച് പ്രകാശിന്റെ കാര്‍ തടഞ്ഞു.

ഡോര്‍ വലിച്ചുതുറക്കാന്‍ ശ്രമിച്ചെങ്കിലും പ്രകാശ് കാര്‍ വെട്ടിച്ചു മാറ്റി രക്ഷപെട്ടു. ദേശീയ പാതയില്‍ വാഹനപരിശോധനയിലായിരുന്ന ഓച്ചിറ എസ്.ഐ അഷറഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ കണ്ട് വിവരം ധരിപ്പിച്ചു. പൊലീസ് സംഘം കാര്‍ തടഞ്ഞ് അക്രമികളെ പിടികൂടുകയായിരുന്നു. മൂവരും മദ്യലഹരിയിലായിരുന്നു. പൊലീസിന് വഴങ്ങാതെ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ മറ്റ് സ്‌റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്. 

ഇവരുടെ പക്കല്‍ എയര്‍ പിസ്റ്റല്‍ ഉണ്ടായിരുന്നു. കരുനാഗപ്പള്ളി എ.സി.പി അരുണ്‍രാജ് സംഭവസ്ഥലം സന്ദര്‍ശിച്ചു.ഒന്നാം പ്രതി അര്‍പ്പിത് നായര്‍ ഗുജറാത്തില്‍ ജനിച്ചുവളര്‍ന്നയാളാണ്. ഇപ്പോള്‍ മുംബയില്‍ ജോലിചെയ്യുന്നു. അക്രമികളുടെ ക്രിമിനല്‍ പഞ്ചാത്തലത്തെക്കുറിച്ചും ഹൈവേയില്‍ സ്ഥിരം നടക്കുന്ന ആക്രമങ്ങളില്‍ ഇവരുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com