കനത്ത മഴയിലും ആവേശമായി രാഹുല്‍; ഇളകി മറഞ്ഞ് വയനാട്; വന്‍ ജനപങ്കാളിത്തത്തില്‍ സ്വീകരണം (വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 07th June 2019 04:33 PM  |  

Last Updated: 07th June 2019 04:56 PM  |   A+A-   |  

 

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയാന്‍ രാഹുല്‍ ഗാന്ധിയെത്തി. കരിപ്പൂരില്‍ വിമാനമിറിങ്ങിയ രാഹുലിനെ കോണ്‍ഗ്രസ് -യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. ഇന്ന് മലപ്പുറത്തെയും നാളെ വയനാട്ടിലെയും ഞായറാഴ്ച കോഴിക്കോട്ടെയും മണ്ഡലങ്ങളിലാണ് പര്യടനം. ദേശീയതലത്തിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്കുശേഷം രാഹുല്‍ഗാന്ധി ആദ്യമായാണ് പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നത്. 

മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മടങ്ങുക.
കേരളത്തിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തുന്ന രാഹുല്‍ വയനാട് മണ്ഡലത്തിലെ ഗ്രാമങ്ങളും സന്ദര്‍ശിക്കും.

കാളികാവ് ടൗണിലാണ് ആദ്യ റോഡ്‌ഷോ. കനത്ത മഴയിലും ഇടിമിന്നലിലും ആയിരങ്ങളാണ് റോഡിന്റെ ഇരുവശത്തും അണിനിരന്നത്. ശക്തമഴയെ തുടര്‍ന്ന് വാഹനം പതുക്കെയാണ് പോകുന്നത്. രാഹുലിന്റെ വാഹനത്തിന് അകമ്പടി പ്രഖ്യാപിച്ച് നൂറ് കണക്കിന് വാഹനങ്ങളും ഉണ്ട്.

തുടര്‍ന്ന് നിലമ്പൂര്‍ ടൗണിലെ ചന്തക്കുന്നു മുതല്‍ ചെട്ടിയങ്ങാടി വരെ തുറന്ന വാഹനത്തില്‍ വോട്ടര്‍മാരെ കാണും. പിന്നാലെ ഏറനാട് നിയമസഭ മണ്ഡലത്തിലെ എടവണ്ണയിലേക്കാണ് യാത്ര. സീതീഹാജി പാലം മുതല്‍ ജമാലങ്ങളാടി വരെ കാത്തു നില്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നന്ദി രേഖപ്പെടുത്തും. ഏറനാട്ടിലെ തന്നെ അരീക്കോടും രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയുണ്ട്. വയനാട് ജില്ലയിലെ കല്‍പറ്റ , കമ്പളക്കാട്, പനമരം, മാനന്തവാടി, പുല്‍പ്പളളി, ബത്തേരി എന്നിവിടങ്ങളില്‍ ശനിയാഴ്ചയാണ് യാത്ര.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയമസഭ മണ്ഡലത്തിലെ മുക്കത്തും ഈങ്ങാപ്പുഴയിലും ഞായറാഴ്ചയാണ് രാഹുലെത്തുക. കെപിസിസി അധ്യക്ഷന്‍ അടക്കമുളള മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പം വയനാട്ടിലുണ്ടാകും. നന്ദി