നിപ: ഉറവിടം തേടി വനം വകുപ്പ്; വവ്വാലുകളെ പിടികൂടി പരിശോധനയക്ക് അയക്കും

വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് പിടികൂടുന്ന വവ്വാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും
നിപ: ഉറവിടം തേടി വനം വകുപ്പ്; വവ്വാലുകളെ പിടികൂടി പരിശോധനയക്ക് അയക്കും

കൊച്ചി: കൊച്ചിയില്‍ നിപ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസിന്റെ ഉറവിടം തേടി വനംവകുപ്പ്. നിപ ബാധിതനായ യുവാവിന്റെ താമസസ്ഥലത്തിനടുത്ത് വവ്വാലുകള്‍ കൂട്ടത്തോടെ കാണുന്ന സ്ഥലങ്ങളില്‍ വനംവകുപ്പ് പരിശോധന നടത്തി. നിലവില്‍ മൂന്ന് പ്രധാന സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നാളെ മുതല്‍ വവ്വാലുകളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

നെറ്റ് കെട്ടി വവ്വാലുകളെ പിടികൂടാനാണ് നീക്കം. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് പിടികൂടുന്ന വവ്വാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും. അസുഖബാധിതനായ സമയത്ത് യുവാവ് താമസിച്ചിരുന്ന തൃശൂര്‍, തൊടുപുഴ ഭാഗങ്ങളിലും നിപ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.

അതേസമയം, ജില്ലയിലെ നിപ ആശങ്കയ്ക്ക് വലിയതോതില്‍ കുറവു വന്നിട്ടുണ്ട്. നിപ രോഗിയുടെ ആരോഗ്യനിലയും മെച്ചപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യുവാവ് ഇന്ന് അമ്മയുമായി സംസാരിച്ചെന്നും നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നുമാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

ആശങ്കയ്ക്ക് അയവുവന്നെങ്കിലും ആരോഗ്യവകുപ്പ് ജാഗ്രതയ്ക്ക് കുറവു വരുത്തിയിട്ടില്ല. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതായി കണ്ടെത്തിയ 318 പേരെ ഇപ്പോഴും നിരീക്ഷിച്ചുവരുന്നുണ്ട്. ഇന്ന് ജില്ലയില്‍ 10000 ത്രീ ലെയര്‍ മാസ്‌കുകള്‍ പുതുതായി എത്തിച്ചു. 450 പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. ജാഗ്രതാ പരിശീലനവും തുടരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com