നിപ ബാധിച്ചത് തൊടുപുഴയില്‍ നിന്നല്ലെന്ന് വിലയിരുത്തല്‍; പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമില്ല

നിപ ബാധിച്ചത് തൊടുപുഴയില്‍ നിന്നല്ലെന്ന് വിലയിരുത്തല്‍; പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമില്ല

നിപ സ്ഥിരീകരിച്ചതോടെ, വിദ്യാര്‍ഥി താമസിച്ചിരുന്ന വീടിനു സമീപമുള്ളവരും നിരീക്ഷണത്തിലായിരുന്നു. 

തൊടുപുഴ: വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധിച്ചത് തൊടുപുഴയില്‍ നിന്നല്ലെന്ന് വ്യക്തമായി. നിപ വൈറസ് ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥി പഠിച്ചിരുന്ന കോളജിലും താമസിച്ചിരുന്ന വീട്ടിലും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ വിദഗ്ധസംഘം നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. 

പ്രാഥമിക പരിശോധനയില്‍, രോഗത്തിന്റെ ഉറവിടം ഇവിടെനിന്നല്ലെന്ന നിഗമനത്തിലെത്തിയെന്ന് ഡിഎംഒ ഡോക്ടര്‍ എന്‍ പ്രിയ പറഞ്ഞു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യമില്ലെന്നും പ്രദേശവാസികള്‍ അറിയിച്ചു. നിപ സ്ഥിരീകരിച്ചതോടെ, വിദ്യാര്‍ഥി താമസിച്ചിരുന്ന വീടിനു സമീപമുള്ളവരും നിരീക്ഷണത്തിലായിരുന്നു. 

കേന്ദ്രസംഘത്തിന്റെ പരിശോധന കഴിഞ്ഞതോടെ ഇത് നിര്‍ത്തി. വിദ്യാര്‍ഥിയുടെ വീടും നൈപുണ്യപരിശീലനത്തിനുപോയ സ്ഥലവും പരിശോധിച്ചശേഷം അടുത്തദിവസത്തെ ഉന്നതതല യോഗത്തില്‍ വിശദറിപ്പോര്‍ട്ട് നല്‍കും. തൊടുപുഴയില്‍ വിദ്യാര്‍ഥി താമസിച്ചിരുന്ന വീടിന് സമീപവും വവ്വാലുകളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചിരുന്നു. 

ഏതൊക്കെ പഴങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാകുന്നു, ഇവയുടെ ഇപ്പോഴത്തെ ലഭ്യത എന്നീ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.  വിദ്യാര്‍ഥികള്‍ ഭക്ഷണം പാകം ചെയ്തിരുന്നോ, സമീപകാലത്ത് ഇവര്‍ ഇവിടെ എത്രദിവസം താമസിച്ചു തുടങ്ങിയ വിവരങ്ങള്‍ വീട്ടുടമസ്ഥനോട് ചോദിച്ചറിഞ്ഞു. വിദ്യാര്‍ഥികള്‍ കുടിക്കാനുപയോഗിച്ചിരുന്ന വെള്ളം എടുക്കുന്ന കിണറും പരിസരവും വിശദമായി പരിശോധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com