പ്രതിഷേധം കടുത്തു: കര്‍ദിനാള്‍ അനുകൂല സര്‍ക്കുലര്‍ കെസിബിസി പിന്‍വലിച്ചു

എറണാകുളം അങ്കമാലി അതിരൂപത പ്രതിഷേധിച്ചതിനെ തുടര്‍ന്നാണിത്. സമിതി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ പേരിലായിരുന്നു സര്‍ക്കുലര്‍.
പ്രതിഷേധം കടുത്തു: കര്‍ദിനാള്‍ അനുകൂല സര്‍ക്കുലര്‍ കെസിബിസി പിന്‍വലിച്ചു

കൊച്ചി: സിറോ മലബാര്‍ സഭയിലെ സ്ഥലമിടപാട്, വ്യാജരേഖ കേസുകളില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി)യുടെ വര്‍ഷകാല സമ്മേളനം പള്ളികളില്‍ വായിക്കാന്‍ തയ്യാറാക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. എറണാകുളം അങ്കമാലി അതിരൂപത പ്രതിഷേധിച്ചതിനെ തുടര്‍ന്നാണിത്. സമിതി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ പേരിലായിരുന്നു സര്‍ക്കുലര്‍.

വിവാദങ്ങള്‍ സംബന്ധിച്ച് മെത്രാന്‍ സമിതി നടത്തിയ ചര്‍ച്ചയുടെ സൂചനകള്‍ മാത്രമാണ് സര്‍ക്കുലറിലുള്ളതെന്ന് സമിതി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. സ്ഥലമിടപാട് സംബന്ധിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് മാര്‍പാപ്പയുടെ പരിഗണനയിലാണ്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സമിതിക്ക് അറിയില്ല. റോമിന്റെ തീരുമാനത്തിലേ വസ്തുതകള്‍ മനസിലാകൂ. അതിനാല്‍ സര്‍ക്കുലര്‍ പിന്‍വലിക്കുകയാണെന്ന് വക്താവ് അറിയിച്ചു.

സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ അനുചിതവും ഖേദകരവുമാണെന്ന് എറണാകുളം അങ്കമാലി അതിരൂപതാ വക്താവ് ഫാ. പോള്‍ കരേടന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദം മെത്രാന്‍ സമ്മേളനത്തില്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും ചര്‍ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും പോയിട്ടില്ല. മറിച്ചുള്ള പ്രസ്താവന സര്‍ക്കുലര്‍ രൂപത്തില്‍ പുറത്തിറക്കിയത് ശരിയല്ല. യോഗ തീരുമാനങ്ങള്‍ പത്രക്കുറിപ്പിലൂടെ പുറത്തിറക്കാനായിരുന്നു തീരുമാനം. പകരം പള്ളികളില്‍ വായിക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ നല്‍കിയത് യോഗതീരുമാനത്തിനു വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ദിനാളിനെതിരായ രേഖകളുടെ ഉള്ളടക്കം സത്യവിരുദ്ധമാണ് എന്നായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരക്കുന്നത്. പൊലീസ് അന്വേഷണം ബാഹ്യസമ്മര്‍ദ്ദവും ഇടപെടലും കൂടാതെ തുടരണം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സഭയില്‍ ഭിന്നത സൃഷ്ടിക്കാന്‍ തത്പരകക്ഷികള്‍ നടത്തുന്ന ശ്രമങ്ങളില്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. അനാവശ്യമായ പ്രസ്താവനകളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണം.അതിരൂപതയുടെ സ്ഥലമിടപാടില്‍ ആരോപിക്കപ്പെടുന്ന അഴിമതികള്‍ സംഭവിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ സഭയ്ക്കുള്ളില്‍ തന്നെ പരിഹരിക്കാന്‍ നടപടികളും സംവിധാനങ്ങളും പൂര്‍ത്തിയായിട്ടുണ്ട് എന്നും സര്‍ക്കുലറില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com