സ്വര്‍ണ്ണക്കടത്തു സംഘത്തിലെ അര്‍ജുന്‍ ആര് ?; ദുരൂഹത കൂട്ടി പുതിയ മൊഴി പുറത്ത്

25 കിലോ സ്വര്‍ണവുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ സുനില്‍കുമാറിന്റെ മൊഴിയാണ് പുറത്തുവന്നത്
സ്വര്‍ണ്ണക്കടത്തു സംഘത്തിലെ അര്‍ജുന്‍ ആര് ?; ദുരൂഹത കൂട്ടി പുതിയ മൊഴി പുറത്ത്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പുതിയ വെളിപ്പെടുത്തല്‍. 25 കിലോ സ്വര്‍ണവുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ സുനില്‍കുമാറിന്റെ മൊഴിയാണ് പുറത്തുവന്നത്. സ്വര്‍ണക്കടത്തിന് ആയിരം ദിര്‍ഹമാണ് തനിക്ക് പതിഫലം ലഭിച്ചത്. 25 കിലോ സ്വര്‍ണം പിടികൂടിയ ദിവസം വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരനായ വിഷ്ണു വിളിച്ചു. സ്വര്‍ണം നിറച്ച സെറീനയുടെ ബാഗുകള്‍ പുറത്തെത്തിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഡിആര്‍ഐയ്ക്ക് നല്‍കിയ മൊഴിയില്‍ സുനില്‍ വ്യക്തമാക്കി. 

സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ സുനില്‍കുമാര്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശ് തമ്പിയുടെ അടുത്ത ബന്ധുവാണ്. സുനിലിന്റെ അമ്മാവന്റെ മകനാണ് പ്രകാശന്‍ തമ്പി. തനിക്കൊപ്പം അര്‍ജുന്‍, ഉമാദേവി എന്നിവരും സ്വര്‍ണം കടത്തിയിട്ടുണ്ട് എന്നും സുനില്‍കുമാര്‍ മൊഴി നല്‍കി. എന്നാല്‍ അര്‍ജുന്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറായ അര്‍ജുന്‍ ആണോ എന്ന് വ്യക്തമല്ല. 

കെഎസ്ആര്‍ടിസിയില്‍ ആശ്രിത നിയമനം ലഭിച്ച വ്യക്തിയാണ് സുനില്‍കുമാര്‍. തിരുവനന്തപുരത്ത് ടയര്‍ കട അടക്കം ഇയാള്‍ നടത്തിയിരുന്നു. പ്രകാശ് തമ്പി വഴിയാണ് സ്വര്‍ണക്കടത്തിലെ മുഖ്യസൂത്രധാരന്‍ വിഷ്ണുവിനെ പരിചയപ്പെടുന്നത്. 2018 നവംബറിലാണ് സുനില്‍ വിസിറ്റിംഗ് വിസയില്‍ ദുബായിലെത്തുന്നത്. വിസ ശരിയാക്കി നല്‍കിയത് പ്രകാശ് തമ്പിയും വിഷ്ണുവും ചേര്‍ന്നാണ്. ദുബായില്‍ പ്രകാശ് തമ്പിയും വിഷ്ണുവും ചേര്‍ന്ന് കഫറ്റീരിയ തുടങ്ങാന്‍ ആലോചിച്ചിരുന്നു. സ്വര്‍ണം കടത്തിക്കൊണ്ടുവന്നാല്‍ നല്ല പ്രതിഫലം കിട്ടുമെന്ന് വിഷ്ണു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കടത്തില്‍ പങ്കാളിയായതെന്നും സുനില്‍ മൊഴി നല്‍കി. 


ആദ്യഘട്ടത്തില്‍ എസ്‌കോര്‍ട്ട് പോകാനാണ് തന്നോട് ആവശ്യപ്പെട്ടിരുന്നത്. വിമാനത്താവളത്തില്‍ എന്തെങ്കിലും അസ്വാഭാവികത കണ്ടാല്‍ സ്വാര്‍ണവുമായി എത്തുന്ന ആളില്‍ നിന്നും ബാഗേജുമായി പുറത്തുകടക്കാനും വിഷ്ണു നിര്‍ദേശം നല്‍കിയിരുന്നു. വിമാനത്താവളത്തിന് അകത്തും പുറത്തും തന്റെ ആളുകള്‍ വേണ്ട സഹായം ചെയ്തുതരുമെന്നും വിഷ്ണു അറിയിച്ചു. 

25 കിലോ സ്വര്‍ണവുമായി എത്തിയപ്പോള്‍, വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ വിഷ്ണു വിളിച്ചു. സെറീനയുടെ കൈവശമുള്ള രണ്ടാ ഹാന്‍ഡ് ബാഗുകളിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. ഈ ബാഗുകള്‍ ഉടന്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ നിര്‍ദേശിച്ചു. ബാഗുകളുമായി പുറത്തേക്കു പോകുന്നതിനിടെയാണ് എക്‌സിറ്റ് ഗേറ്റില്‍ വെച്ച് പിടിയിലാകുന്നതെന്നും സുനില്‍കുമാര്‍ ഡിആര്‍ഐക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com