നിപ : രണ്ടു പേരുടെ രക്തസാംപിളുകള്‍ കൂടി നെഗറ്റീവ്; ഉറവിടം കണ്ടെത്താനുള്ള വിദഗ്ധ പരിശോധന തുടങ്ങിയെന്ന് ആരോഗ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th June 2019 11:26 AM |
Last Updated: 08th June 2019 11:26 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി : കൊച്ചിയില്‍ നിപ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടുപേരുടെ രക്തസാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചു. രണ്ടും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. നിപ ബാധിച്ച യുവാവുമായി അടുത്ത് ഇടപഴകിയിരുന്ന രണ്ടുപേരുടെ രക്തസാംപിളുകളാണ് നെഗറ്റീവാണെന്ന റിസള്‍ട്ട് ലഭിച്ചത്. ഇതോടെ വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയിരുന്ന എട്ടുപേരുടെ രക്തസാംപിളുകളും നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. യുവാവ് അമ്മയുമായി സംസാരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടയ്ക്ക് നേരിയ പനിയുണ്ട്. വിദ്യാര്‍ത്ഥിയുടെ രക്തസാംപിള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചു. നിപ രോഗത്തില്‍ നിന്നും പൂര്‍ണമായി മുക്തനായി എന്ന് ഉറപ്പിക്കാനാണ് ഇതെന്നും മന്ത്രി പറഞ്ഞു.
നിപ രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള വിദഗ്ധ പരിശോധന തുടരുകയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ ഇതിനുള്ള പരിശോധനകള്‍ തുടരുകയാണ്. വിദ്യാര്‍ത്ഥിയുടെ സ്വദേശമായ വടക്കന്‍ പറവൂര്‍, പരിശീലനത്തിന് പോയ തൃശൂര്‍, വിദ്യാര്‍ത്ഥി പഠിച്ചിരുന്ന തൊടുപുഴ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൂടാതെ വിദ്യാര്‍ത്ഥി പോയിയെന്ന് വ്യക്തമായ പ്രദേശങ്ങളിലും സംഘം പരിശോധന നടത്തും.