വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെ ജനപ്രതിനിധിയെന്ന് രാഹുൽ ; ഇന്ന് ആറ് ഇടങ്ങളിൽ റോഡ് ഷോ, ആവേശതിമിർപ്പിൽ യുഡിഎഫ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th June 2019 08:06 AM |
Last Updated: 08th June 2019 08:06 AM | A+A A- |
ചിത്രം : പിടിഐ
കല്‍പ്പറ്റ: വയനാടിന്റെ മാത്രമല്ല കേരളത്തെ മൊത്തം പ്രതിനിധീകരിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. വയനാടുകാര്‍ക്ക് വേണ്ടി തന്റെ വാതില്‍ തുറന്നുകിടക്കുമെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയതാണ് രാഹുൽഗാന്ധി.
ഞായറാഴ്ച വരെ കേരളത്തിലെ ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും കാണുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിന്റെ അവസ്ഥ കൂടുതല്‍ അറിഞ്ഞും മനസിലാക്കിയും പ്രവര്‍ത്തിക്കും. ഇത്രയും ഭൂരിപക്ഷം തന്ന ജനങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വയനാടിലെ വോട്ടർമാരോട് നന്ദി പറയാനെത്തിയ രാഹുൽ ഗാന്ധി ഇന്ന് ആറ് ഇടങ്ങളിൽ റോഡ് ഷോ നടത്തും. കൽപറ്റ റസ്റ്റ്ഹൗസിൽ താമസിക്കുന്ന രാഹുൽ രാവിലെ എട്ടരയ്ക്ക് കലക്ട്രേറ്റിലെ എം പി ഫെസിലിറ്റേഷൻ സെന്ററിൽ എത്തും.
പത്ത് മണിയോടെ കൽപറ്റ പുതിയ ബസ്റ്റാന്റ് പരിസരത്താണ് ആദ്യ റോഡ് ഷോ. തുടർന്ന് കമ്പളക്കാട്, പനമരം മാനന്തവാടി, പുൽപള്ളി, സുൽത്താൻ ബത്തേരി എന്നിവിടങ്ങിൽ വോട്ടർമാരെ കാണാനെത്തും. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങൾ ഉള്ളതിനാൽ അതീവ സുരക്ഷാവലയത്തിലാകും യാത്ര.
രാഹുലിന്റെ ഇന്നലത്തെ റോഡ് ഷോയിൽ കനത്ത മഴയെ അവഗണിച്ച് ആയിരങ്ങളാണ് എത്തിയത്. വെറുപ്പിന്‍റെ രാഷ്ട്രീയം പരത്തുന്ന ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷമായിരിക്കും കോൺഗ്രസെന്ന് രാഹുൽ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ രാഹുൽ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.