അപകട സമയത്ത് ബാലഭാസ്കറിന്റെ കാറിൽ രണ്ട് ലക്ഷം രൂപയും 44 പവൻ സ്വർണവും ; കൂടുതൽ വിവരങ്ങൾ പുറത്ത്, ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2019 08:09 PM  |  

Last Updated: 08th June 2019 08:09 PM  |   A+A-   |  

balabaskar

 

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും കാർ അപകടത്തിൽപ്പെടുന്ന സമയത്ത് കൈവശം രണ്ട് ലക്ഷം രൂപയും 44 പവൻ സ്വർണവും ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ. ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിലാണ് കാറിൽ നിന്ന് കണ്ടെടുത്ത സ്വർണാഭരണങ്ങളുടെയും പണത്തിന്റെയും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. 

സെപ്തംബർ 25 ന് പുലർച്ചെ അപകടമുണ്ടായപ്പോൾ സ്ഥലത്ത് ആദ്യമെത്തിയത് ഹൈവേ പൊലീസാണ്. പിന്നാലെയാണ് മം​ഗലപുരം പൊലീസ് എത്തിയത്. പൊലീസ് ഉദ്യോ​ഗസ്ഥർ വാഹനം പരിശോധിച്ചപ്പോഴാണ് പണവും സ്വർണാഭരണങ്ങളും കണ്ടെത്തിയത്. 10,20,50 100,500,2000 എന്നിവയുടെ നോട്ടുകെട്ടുകളും ലോക്കറ്റ് , മാല , വള, സ്വര്‍ണനാണയം, മോതിരം, താക്കോലുകള്‍ എന്നിവയാണ്  ബാഗുകള്‍ക്കൊപ്പം കാറിലുണ്ടായിരുന്നത്. ഇത് സ്റ്റേഷനിലെത്തിയ ശേഷം എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് രണ്ട് ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും ഉണ്ടെന്ന് സ്ഥിരീകരിച്ചത്.  പിറ്റേന്ന് രാവിലെ ലക്ഷ്മിയുടെ ബന്ധുക്കൾക്കൊപ്പമെത്തിയ പ്രകാശൻ തമ്പി കാറിലുണ്ടായിരുന്ന സ്വർണത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. ബന്ധുക്കളാണെന്നു ബോധ്യമായതോടെ ബാഗുകളും ആഭരണങ്ങളും പണവും പൊലീസ് കൈമാറുകയായിരുന്നു. ഇത് സംബന്ധിച്ച രേഖകൾ അന്ന് കേസ് അന്വേഷിച്ച ഉദ്യോ​ഗസ്ഥന് കൈമാറുകയും ചെയ്തു.

 വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രകാശൻ തമ്പി പിടിയിലായതോടെയാണ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ശക്തമായത്. ഇതേത്തുടർന്നാണ് കേസിൽ നിർണായക വഴിത്തിരിവുകൾ ഉണ്ടായത്. മകന്റെ മരണത്തിൽ ദുരൂഹതകളുണ്ടെന്നും സംശയം പൊലീസ് നീക്കിത്തരണം എന്നും ആവശ്യപ്പെട്ട് അച്ഛൻ കെ സി ഉണ്ണി വീണ്ടും പൊലീസിനെ സമീപിച്ചിരുന്നു. ഇതേത്തുടർന്നാണ് വീണ്ടും അന്വേഷണം സജീവമായത്.