സംരക്ഷിക്കേണ്ട മകന്‍ ലഹരിക്ക് അടിമ; വയോധികയും ചെറുമകനും തെരുവില്‍, കൈത്താങ്ങായി കൃഷിമന്ത്രി

സംരക്ഷിക്കേണ്ട മകന്‍ ലഹരിക്ക് അടിമയായപ്പോള്‍ എണ്‍പത്തി മൂന്നുകാരിയും കൊച്ചുമകനും തെരുവിലായി.
സംരക്ഷിക്കേണ്ട മകന്‍ ലഹരിക്ക് അടിമ; വയോധികയും ചെറുമകനും തെരുവില്‍, കൈത്താങ്ങായി കൃഷിമന്ത്രി


തൃശൂര്‍: സംരക്ഷിക്കേണ്ട മകന്‍ ലഹരിക്ക് അടിമയായപ്പോള്‍ എണ്‍പത്തി മൂന്നുകാരിയും കൊച്ചുമകനും തെരുവിലായി. വീട്ടുവാടക കൊടുക്കാനില്ലാതെ, തെരുവിലലഞ്ഞ ഇരുവര്‍ക്കും ഒടുവില്‍ രക്ഷകനായതു മന്ത്രി വിഎസ്. സുനില്‍കുമാര്‍. നെല്ലങ്കര ആലിനു സമീപം, കോളനിയില്‍ വാടകയ്ക്കു താമസിച്ചിരുന്ന വടൂക്കര ജവാന്‍ റോഡില്‍ കനകപ്പറമ്പില്‍ തങ്കമണിയും പത്തുവയസുള്ള ചെറുമകനുമാണ് മന്ത്രി ഇടപെട്ടു സംരക്ഷണമൊരുക്കിയത്. 

വയോധികയും കുട്ടിയും തെരുവില്‍ അന്തിയുറങ്ങുന്ന വിവരം കഴിഞ്ഞദിവസം രാത്രിയാണു മന്ത്രിക്കു ഫോണില്‍ ലഭിച്ചത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുമായി മന്ത്രി ബന്ധപ്പെട്ടു. കമ്മിഷണറുടെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് കമ്മിഷണര്‍ വികെ രാജു വനിതാ സെല്ലിനു വിവരം കൈമാറി. തുടര്‍ന്ന് രാത്രിതന്നെ വനിതാ പൊലീസ് തങ്കമണിയേയും ചെറുമകനെയും വനിതാ സെല്ലില്‍ എത്തിച്ചു. 

ഇന്നലെ രാവിലെ പാലക്കാട്ടേക്കുള്ള യാത്രയ്ക്കു മുമ്പ് മന്ത്രി സുനില്‍കുമാര്‍ സ്‌റ്റേഷനിലെത്തി ഇരുവരെയും സന്ദര്‍ശിച്ച് വിവരങ്ങള്‍ തിരക്കി. ഇവര്‍ക്കായി മന്ത്രി ഭക്ഷണവും കരുതിയിരുന്നു. വാടക നല്‍കാനില്ലാത്തതിനാല്‍ നെല്ലങ്കരയിലെ  വീട്ടില്‍നിന്ന് ഒരുമാസം മുമ്പ് ഇറങ്ങിയതാണെന്നു തങ്കമണി മന്ത്രിയോടു പറഞ്ഞു. മന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസ് അന്വേഷണം നടത്തി. തുടര്‍ന്ന്, രാമവര്‍മപുരം വൃദ്ധസദനം സൂപ്രണ്ട് വിന്‍സെന്റിനെ വിളിച്ചുവരുത്തി, തങ്കമണിയേയും ചെറുമകനെയും തല്‍ക്കാലം സംരക്ഷിക്കാന്‍ നിര്‍ദേശിച്ചു. മറ്റു വിവരങ്ങള്‍ അന്വേഷിച്ചശേഷം പുനരധിവാസമൊരുക്കും. മകന്‍ മുരളീധരന്റെ മകനാണു തങ്കമണിയ്ക്ക് ഒപ്പമുള്ളത്. മുരളീധരന്റെ ഭാര്യ ഏറെനാള്‍ മുമ്പ് മരിച്ചു. മദ്യപാനിയായ മുരളീധരന്‍ ഇവരെ നോക്കാറില്ലെന്നു നാട്ടുകാര്‍ പറയുന്നു. കുട്ടിക്കു തുടര്‍പഠനം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com