ഇടപെട്ടത് ഡീന്‍ എന്ന് കോണ്‍ഗ്രസ്; ഉളുപ്പില്ലാത്തവര്‍ക്ക് എന്തും പറയാമെന്ന് ഇടതുപക്ഷം, ഫ്‌ലക്‌സ് യുദ്ധം

ഡീന്‍ കുര്യാക്കോസ് റോഡുവികസനത്തിന് ഇടപെട്ടതില്‍ അഭിവാദ്യം അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ലക്‌സിനെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇടതുപ്രവര്‍ത്തകര്‍
ഇടപെട്ടത് ഡീന്‍ എന്ന് കോണ്‍ഗ്രസ്; ഉളുപ്പില്ലാത്തവര്‍ക്ക് എന്തും പറയാമെന്ന് ഇടതുപക്ഷം, ഫ്‌ലക്‌സ് യുദ്ധം

ഇടുക്കി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിച്ച നിയുക്ത എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാന്‍ പോകുന്നതെയുളളൂ. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ നടപടിക്രമങ്ങളില്‍ ഒന്ന് ഇതാണ്. ഇപ്പോള്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഡീന്‍ കുര്യാക്കോസ് റോഡുവികസനത്തിന് ഇടപെട്ടതില്‍ അഭിവാദ്യം അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ലക്‌സിനെ വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇടതുപ്രവര്‍ത്തകര്‍.

നിയുക്ത എം പി മാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 15 നോ മറ്റോ ആരംഭിക്കാന്‍ ഇരിക്കുന്നതെ ഉള്ളു. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ഇതൊക്കെ പറയാന്‍ ഇവരെക്കൊണ്ട് മാത്രമേ പറ്റൂ എന്ന് പറഞ്ഞ് ഐഎന്റ്റിയുസി സ്ഥാപിച്ച ഫ്‌ലക്‌സിന്റെ ചിത്രം സഹിതം സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എല്‍ഡിഎഫ് മൂവാറ്റുപുഴ എന്ന പേരിലുളള ഫെയ്‌സ്ബുക്ക് പേജ് .ഇടുക്കിയുടെ ജനനായകന്‍ ഡീന്‍ കുര്യാക്കോസിന് അഭിനന്ദനങ്ങള്‍ എന്നാണ് ഫ്‌ലക്‌സിന്റെ തലക്കെട്ടില്‍ തെളിയുന്നത്. 

കഴിഞ്ഞ പത്തുമാസമായി തകര്‍ന്ന് കിടക്കുന്ന ചെറുതോണി പാലം മുതല്‍ ആലിന്‍ചുവട് വരെയുളള റോഡ് പുനരുദ്ധരിക്കുന്നതിന് ഇടപെട്ട് നടപ്പാക്കിയ അഡ്വ ഡീന്‍ കുര്യാക്കോസിന് ഐഎന്റ്റിയുസി ഇടുക്കി റീജിയണല്‍ കമ്മിറ്റിയുടെ അഭിവാദ്യങ്ങള്‍ എന്നും ഡീനിന്റെ ചിത്രം സഹിതമുളള ഫ്‌ലകസില്‍ പ്രത്യക്ഷപ്പെടുന്നു. ഇതിന് തൊട്ടടുത്തായി ഛേ, നാണക്കേട്, ആരാന്റെ കൊച്ചിന് വയറ്റാട്ടിക്ക് അവകാശമോ എന്ന ചോദ്യം ഉന്നയിച്ച് കോണ്‍ഗ്രസിന് മറുപടിയുമായി സിപിഎം ഇടുക്കി ലോക്കല്‍ കമ്മറ്റിയുടെ ഫ്‌ലക്‌സും സ്ഥാപിച്ചിട്ടുണ്ട്. കീരിത്തോട്- കാല്‍വരിമൗണ്ട് റോഡിന് 35 കോടിയും പ്രളയത്തില്‍ തകര്‍ന്ന ചെറുതോണി- ആലിന്‍ചുവട് റോഡ് സംരക്ഷണഭിത്തിക്ക് 30 കോടിയും അനുവദിപ്പിച്ച് യാഥാര്‍ത്ഥ്യമാക്കിയ അഡ്വ ജോയ്‌സ് ജോര്‍ജിന് അഭിവാദ്യങ്ങള്‍ എന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്.ഈ രണ്ടു ഫ്‌ലക്‌സുകള്‍ അടങ്ങുന്ന ചിത്രമാണ് എല്‍ഡിഎഫ് മൂവാറ്റുപുഴ എന്ന ഫെയ്‌സ്ബുക്ക് പേജ് പങ്കുവെച്ചിരിക്കുന്നത്.

'മിടുക്കനാണേല്‍ സ്വന്തം ഇടപെടല്‍ കൊണ്ട് ഫണ്ട് കൊണ്ടുവന്ന് വികസനം നടത്തി കാണിക്ക്. അല്ലാതെ ഇത് പോലെ ആരെങ്കിലും കൊണ്ടുവന്ന ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് സ്വന്തം പേരില്‍ ഫ്‌ലക്‌സ് വെച്ചാല്‍ വികസനമാവില്ല.'- കുറിപ്പില്‍ പറയുന്നു.


എല്‍ഡിഎഫ് മൂവാറ്റുപുഴയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിയുക്ത എം പി മാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 15 നോ മറ്റോ ആരംഭിക്കാന്‍ ഇരിക്കുന്നതെ ഉള്ളു. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ഇതൊക്കെ പറയാന്‍ ഇവരെക്കൊണ്ട് മാത്രമേ പറ്റൂ. നിലവില്‍ ഫണ്ട് അനുവദിച്ചിരിക്കുന്ന / പണി ആരംഭിച്ചിരിക്കുന്ന /ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞ റോഡുകളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ കുഞ്ഞിന്റെ അവകാശവും പറഞ്ഞ് വയറ്റാട്ടി ഇനിയും വരും. അത് ഏറ്റു പിടിക്കാന്‍ കുറെപ്പേരും. മിടുക്കനാണേല്‍ സ്വന്തം ഇടപെടല്‍ കൊണ്ട് ഫണ്ട് കൊണ്ടുവന്ന് വികസനം നടത്തി കാണിക്ക്. അല്ലാതെ ഇത് പോലെ ആരെങ്കിലും കൊണ്ടുവന്ന ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് സ്വന്തം പേരില്‍ ഫ്‌ലെക്‌സ് വെച്ചാല്‍ വികസനമാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com