കലാവിമർശകനും എഴുത്തുകാരനുമായ മനോജ് നായർ മരിച്ചനിലയിൽ

കൊച്ചി ബിനാലെയിൽ ഡോക്യുമെന്റേഷൻ റൈറ്ററായി പ്രവർത്തിച്ചിരുന്നു. ബിനാലെയുടെ ‘ആർടിസ്റ്റ് സിനിമ’ വിഭാഗത്തിന്റെ ക്യുറേറ്ററായിരുന്നു
കലാവിമർശകനും എഴുത്തുകാരനുമായ മനോജ് നായർ മരിച്ചനിലയിൽ

കൊച്ചി : പ്രശസ്ത കലാവിമർശകനും ഡൽഹിയിൽ പത്രപ്രവർത്തകനുമായ ഇരിങ്ങാലക്കുട സ്വദേശി മനോജ് നായർ (55) മരിച്ചനിലയിൽ. ഫോര്‍ട്ട്​കൊച്ചി സൗദിയിലെ വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. കൊച്ചി ബിനാലെയിൽ ഡോക്യുമെന്റേഷൻ റൈറ്ററായി പ്രവർത്തിച്ചിരുന്നു. ബിനാലെയുടെ ‘ആർടിസ്റ്റ് സിനിമ’ വിഭാഗത്തിന്റെ ക്യുറേറ്ററായിരുന്നു. 2010 മുതല്‍ ഫോര്‍ട്ട്​കൊച്ചിയില്‍ ഒറ്റക്ക് താമസിക്കുകയായിരുന്നു മനോജ് നായർ. 

ശനിയാഴ്ച ഉച്ചക്ക് 12ഓടെ വീട്ടുടമസ്ഥനാണ് മനോജിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. മൂന്നുദിവസം മുമ്പ്​ കണ്ടപ്പോള്‍ നല്ല സുഖമില്ലെന്ന് പറഞ്ഞിരുന്നു. മരുന്നുവാങ്ങാന്‍ താൻ നിർദേശിച്ചെങ്കിലും മനോജ് നിരാകരിച്ചു. വെള്ളിയാഴ്ച മനോജിനെ വിളിച്ചപ്പോൾ മൊബൈൽ സ്വിച്ച് ഓഫായിരുന്നു. ശനിയാഴ്ച രാവിലെ 11.30ന് വീണ്ടും വിളിച്ചപ്പോഴും കിട്ടാതെ വന്നപ്പോഴാണ് നേരിട്ടെത്തിയത്. അകത്ത് കയറി നോക്കിയപ്പോള്‍ കട്ടിലില്‍ മരിച്ചനിലയില്‍ കാണുകയായിരുന്നുവെന്ന് വീട്ടുടമസ്ഥൻ അറിയിച്ചു. 

സംഗീതവും കലയുമായി ബന്ധപ്പെട്ട നിരവധി ശ്രദ്ധേയ ലേഖനങ്ങൾ മനോജ് നായർ എഴുതിയിട്ടുണ്ട്. ഔട്ട്‌ലുക്ക്, പയനീര്‍, ഇക്കണോമിക്‌സ് ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംഗീതചരിത്രത്തെ ആസ്പദമാക്കിയുള്ള ‘ബിറ്റ്​വീന്‍ ദി റോക്ക് ആന്‍ഡ് എ ഹാര്‍ഡ് പ്ലെയിസ്’ പുസ്തകത്തിന്റെ രചനയിലായിരുന്നു. പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com