കാനം  രാജേന്ദ്രന്‍ കളിപ്പാവ; സിപിഐ പിണറായിയുടെ വാലാട്ടി; രക്ഷപ്പെടണമെങ്കില്‍ ഇടതുമുന്നണി വിടാന്‍ കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം

പിണറായി വിജയന്റെ വാലാട്ടിയായി സിപിഐ നേതൃത്വം ഇനിയും മുന്നോട്ട് പോയാല്‍ വംശനാശം സംഭവിച്ച സിംഹവാലന്‍ കുരങ്ങിന്റെ അവസ്ഥയിലേക്ക് മുന്നോട്ടുപോകും 
കാനം  രാജേന്ദ്രന്‍ കളിപ്പാവ; സിപിഐ പിണറായിയുടെ വാലാട്ടി; രക്ഷപ്പെടണമെങ്കില്‍ ഇടതുമുന്നണി വിടാന്‍ കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം

മാവേലിക്കറര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി വട്ടപൂജ്യത്തിലേക്ക് കൂപ്പുകുത്തിയ സിപിഐ,  ഇടതുമുന്നണി വിട്ട് പുറത്തു വന്നാല്‍ മാത്രമേ ഇനി രക്ഷയുള്ളൂയെന്ന്് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി.കേരളത്തില്‍ തുടര്‍ച്ചയായി മത്സരിച്ച തിരുവനന്തപുരം, മാവേലിക്കര, വയനാട് എന്നിവിടങ്ങളില്‍ പരിഹാസ്യരായി തീര്‍ന്ന സിപിഐ സിപിഎമ്മിനോടൊപ്പം നിന്നതു മൂലം ആ പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ നഷ്ടപ്പെട്ടുവെന്ന് കൊടുക്കുന്നില്‍ പറഞ്ഞു. 

തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തേക്ക് വീണ്ടും പിന്തള്ളപ്പെട്ട സിപിഐക്ക് വയനാട്ടില്‍ കഷ്ടിച്ചാണ് കെട്ടിവെച്ച കാശ് തിരികെ കിട്ടിയത്. 16ാം ലോക്‌സഭയില്‍ തൃശ്ശൂര്‍ സീറ്റ് മാത്രമാണ് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരും കൈവിട്ട സിപിഐ സംസ്ഥാന നേതൃത്വം പിണറായി വിജയന്റെ അടിമ സന്തതികളെ പോലെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വട്ടപൂജ്യം കിട്ടിയിട്ടും പിണറായി വിജയന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ പ്രവര്‍ത്തന ശൈലിയെ വിമര്‍ശിക്കാന്‍ നട്ടെല്ല് ഇല്ലാത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിണറായി വിജയന്റെ കൈയിലെ വെറും കളിപ്പാവയായി മാറിയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

സിപിഐയുടെ സംസ്ഥാന കമ്മിറ്റി പിണറായി വിജയനെ ന്യായീകരിക്കുകയും എല്‍ഡിഎഫിനുണ്ടായ ദയനീയ തോല്‍വിയെ വെള്ളപൂശാനും പിണറായി വിജയന്റെ മാനസപുത്രനാകാനുമാണ് കാനം രാജേന്ദ്രന്‍ ശ്രമിച്ചത്. ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പിണറായി വിജയന് ധൈര്യം നല്‍കിയ സിപിഐ ഇപ്പോള്‍ മലക്കം മറിഞ്ഞ് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ പരിഹാസ്യരായി തീര്‍ന്നിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസും സ്വീകരിച്ച ഏകപക്ഷീയ നിലപാട് വിശ്വാസി സമൂഹത്തെ വേദനിപ്പിച്ചപ്പോള്‍ പിണറായി വിജയന് സ്തുതി പാടുന്ന നേതൃത്വത്തിന് വിശ്വാസി സമൂഹം നല്‍കിയ കനത്ത തിരിച്ചടിയാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിധി എന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാലാട്ടിയായി സിപിഐ നേതൃത്വം ഇനിയും മുന്നോട്ട് പോയാല്‍ അടുത്ത തെരഞ്ഞെടുപ്പോടു കൂടി കേരളത്തില്‍ സിപിഐ വംശനാശം സംഭവിച്ച സിംഹവാലന്‍ കുരങ്ങിന്റെ അവസ്ഥയിലേക്ക് പോകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പരിഹസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com