താന്‍ പിറന്നുവീണ കൈകളെ നെഞ്ചോട് ചേര്‍ത്ത് രാഹുല്‍; 49 വര്‍ഷത്തിന് ശേഷം വയനാട്ടില്‍ അവിസ്മരണീയ കൂടിക്കാഴ്ച

ഓര്‍മകള്‍ 49 വര്‍ഷം പിന്നോട്ട് പോയപ്പോള്‍ ആ കുഞ്ഞുരാഹുലിനെ ആദ്യമായി കോരിയെടുത്ത നിമിഷത്തെ കുറിച്ച് വാതാരോതെ രാജമ്മ
താന്‍ പിറന്നുവീണ കൈകളെ നെഞ്ചോട് ചേര്‍ത്ത് രാഹുല്‍; 49 വര്‍ഷത്തിന് ശേഷം വയനാട്ടില്‍ അവിസ്മരണീയ കൂടിക്കാഴ്ച

കല്‍പറ്റ: വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി പറയാനെത്തിയ രാഹുല്‍ ഗാന്ധിയുടെ
സന്ദര്‍ശനം ആപൂര്‍വ  കൂടിക്കാഴ്ചയ്ക്ക് വേദിയായി. പിറന്നുവീണപ്പോള്‍ തന്നെ ഏറ്റുവാങ്ങിയ നഴ്‌സിനെ നെഞ്ചോട്  ചേര്‍ത്തുപിടിച്ചാണ് രാഹുല്‍ മടങ്ങിയത്.  ഓര്‍മകള്‍ 49 വര്‍ഷം പിന്നോട്ട് പോയപ്പോള്‍ ആ കുഞ്ഞുരാഹുലിനെ ആദ്യമായി കോരിയെടുത്ത നിമിഷത്തെ കുറിച്ച് വാതാരോതെ രാജമ്മ മാധ്യമങ്ങളോട് പങ്കുവെക്കുകയും ചെയ്തു.

വയനാട് മണ്ഡലത്തിലെ പര്യടനത്തിനിടെ ഞായറാഴ്ച രാവിലെയായിരുന്നു രാഹുലും പിറന്നുവീണപ്പോള്‍ തന്നെ ആദ്യമായി കയ്യിലെടുത്ത നഴ്‌സ് രാജമ്മയും തമ്മില്‍ കല്‍പറ്റ ഗസ്റ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്.

രാഹുല്‍ ഗാന്ധിയെ കാണമെന്നും സംസാരിക്കണമെന്നും വയനാട്ടുകാരി  കൂടിയായ ഈ നേഴ്‌സ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആഗ്രഹം പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് വയനാട്ടിലെ പര്യടനത്തിന്റെ അവസാന ദിവസം രഹുല്‍ഗാന്ധി സാധിച്ച് കൊടുത്തത്. ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടി രാഹുല്‍ ആശുപത്രിയിലെ ഓമനയായിരുന്നുവെന്ന് രാഹുല്‍ ജനിച്ച ഡല്‍ഹി ഹോളിക്രോസ് ആശുപത്രിയിലെ ആ പഴയ രാജമ്മ നേഴ്‌സ് ഒരിക്കല്‍ കൂടെ ഓര്‍ത്തെടുത്തു. 

നഴ്‌സ് ജോലിയില്‍ നിന്ന് വിരമിച്ച രാജമ്മ വയനാട് വിശ്രമജീവിതം നയിക്കുമ്പോഴാണ് രാഹുല്‍ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥി ആയി എത്തുന്നത്. പക്ഷെ പ്രചാരണത്തിനിടെ രാഹുലിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വിജയിച്ച് നന്ദിപറയാനായി വയനാട്ടിലെത്തിയപ്പോള്‍ രാഹുല്‍ രാജമ്മയെ കാണന്‍ സമയം മാറ്റി വെക്കുകയായിരുന്നു. അമ്മ സോണിയാഗാന്ധിക്കും അച്ഛന്‍ രാജീവ്ഗാന്ധിക്കും മുന്നേ രാഹുല്‍ഗാന്ധിയെ തലോടിയ കൈകള്‍ തന്റേതാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാജമ്മ സ്‌നേഹപൂര്‍വ്വം പറഞ്ഞു 

നായ്ക്കട്ടി വാവത്തില്‍ രാജപ്പന്റെ ഭാര്യയായ രാജമ്മ ഡല്‍ഹിയിലെ ഹോളിക്രോസ് ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ജനനം. ഇതിനിടെയാണ് രാജമ്മയെ വയനാട് സ്വദേശിയും മിലിറ്ററി ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനുമായ വയനാട് സ്വദേശി രാജപ്പന്‍ വിവാഹം കഴിച്ചത്. തുടര്‍ന്ന് രാജമ്മയ്ക്കും മിലിറ്ററി ആശുപത്രിയില്‍ നഴ്‌സായി ജോലികിട്ടി.

വിരമിച്ചശേഷം നായ്ക്കട്ടിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് ഈ ദമ്പതിമാര്‍. ഏകമകന്‍ രാജേഷും മരുമകള്‍ സിന്ധുവും കുവൈത്തിലാണ്. നേരില്‍ക്കാണാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും രാഹുല്‍ വയനാട്ടില്‍ വന്ന സമയത്ത് വിദേശത്തായിരുന്നതിനാല്‍ കഴിഞ്ഞില്ല. പക്ഷെ ഞായറാഴ്ച ഇതിന് വഴിയൊരുങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com