മാലിന്യവാഹിനിയല്ല, ഇനി മനോഹരി; ആമയിഴഞ്ചാന്‍ തോടിന് പുനര്‍ജന്‍മം

തോട് വൃത്തിയാക്കുന്നതിന് അനുസരിച്ച് തീരത്തുള്ള കയ്യേറ്റങ്ങളും സര്‍ക്കാര്‍ ഒഴിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
മാലിന്യവാഹിനിയല്ല, ഇനി മനോഹരി; ആമയിഴഞ്ചാന്‍ തോടിന് പുനര്‍ജന്‍മം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലൂടെ ദീര്‍ഘകാലം മലിനജലവും മാലിന്യവുമൊഴുക്കി അടഞ്ഞു കിടന്ന ആമയിഴഞ്ചാന്‍ തോട് ഒടുവില്‍ പുനര്‍ജനിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായാണ്  തോട് വൃത്തിയാക്കിയെടുത്തത്. മാലിന്യം നീക്കം ചെയ്യുതിനായി വീബ് ഹാര്‍വെസ്റ്റര്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ എത്തിച്ചിരുന്നു. പകുതിയോളം ഭാഗം ഇതിനകം വൃത്തിയാക്കിയിട്ടുണ്ട്. 

തോട് വൃത്തിയാക്കുന്നതിന് അനുസരിച്ച് തീരത്തുള്ള കയ്യേറ്റങ്ങളും സര്‍ക്കാര്‍ ഒഴിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതിനായി കടകംപള്ളി വില്ലേജ് ഓഫീസര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. മെയ് 11 നാണ് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ആരംഭിച്ചത്. 

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...

ആമയിഴഞ്ചാന്‍ തോട് പുനര്‍ജനിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായാണ് തലസ്ഥാന നഗരത്തിലൂടെ മാലിന്യ വാഹിനിയായി ഒഴുകുന്ന ആമയിഴഞ്ചാന്‍ തോടിനെ ശുചീകരിക്കുവാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം 11,12 തീയതികളില്‍ വളരെ വിപുലമായ ഒരു ശുചീകരണ യജ്ഞം സംഘടിപ്പിച്ചു കൊണ്ടാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

രണ്ട് ദിവസത്തെ പരിപാടിയില്‍ മാത്രം ഒതുക്കാതെ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തന്നെ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് ഇവിടെ. മാലിന്യം നീക്കം ചെയ്യുന്നതിനായി വീബ് ഹാര്‍വസ്റ്റര്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ശുചീകരണ പ്രവര്‍ത്തികള്‍ മുന്നോട്ടു പോകുന്നത്. ശുചീകരണ യജ്ഞം പൂര്‍ത്തിയാവുന്ന മുറക്ക് കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കുന്നതാണ്. കയ്യേറ്റം ഒഴിപ്പിക്കാനുള്ള മേല്‍നോട്ടം വഹിക്കുവാന്‍ കടകംപള്ളി വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com