വവ്വാലും മരപ്പട്ടിയും കുരങ്ങന്മാരും താമസക്കാര്‍ ; അഞ്ചു വര്‍ഷമായി കുട്ടികളെ കാത്ത് ബോണക്കാട് യു പി സ്‌കൂള്‍

പതിവുപോലെ ഇത്തവണയും പ്രവേശനോല്‍സവ ദിനത്തില്‍ സ്‌കൂള്‍ തുറന്നെങ്കിലും ഒരു കുട്ടി പോലും ഈ വിദ്യാലയത്തിലേക്ക് എത്തിയിട്ടില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : അഞ്ചുവര്‍ഷമായി പഠിക്കാന്‍ കുട്ടികളെയും കാത്തിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ പാലോട് ഉപജില്ലയിലെ ബോണക്കാട് ഗവ. യു പി സ്‌കൂള്‍. പതിവുപോലെ ഇത്തവണയും പ്രവേശനോല്‍സവ ദിനത്തില്‍ സ്‌കൂള്‍ തുറന്നെങ്കിലും ഒരു കുട്ടി പോലും ഈ വിദ്യാലയത്തിലേക്ക് എത്തിയിട്ടില്ല. മൂന്നു പതിറ്റാണ്ട് മുന്‍പ് വരെ മുന്നൂറിലധികം കുട്ടികള്‍ പഠിച്ചിരുന്ന വിദ്യാലയത്തിനാണ് ഈ ഗതികേട്.

എല്ലാവര്‍ഷവും പ്രവേശനോത്സവത്തിന് സ്‌കൂള്‍ തുറക്കും. ആളും ബഹളവുമില്ലെങ്കിലും പഞ്ചായത്ത് അംഗവും ഏക അധ്യാപകനും ശിപായിയും എത്തും. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ബോണക്കാട് യുപി സ്‌കൂളില്‍ പ്രവേശനത്തിനായി ഒരുകുട്ടിപോലും എത്തിയിട്ടില്ല. വിദ്യാലയത്തിന് ഒരു ബോര്‍ഡുപോലുമില്ല. മാസത്തില്‍ വല്ലപ്പോഴും മാത്രം വന്നുപോകുന്ന പ്രഥമാധ്യാപകനും ശിപായിയും ശമ്പളം വാങ്ങുന്നുണ്ട്. 

ഗതകാല പ്രൗഢിയില്‍ മറ്റുവിദ്യാലയങ്ങളെ അപേക്ഷിച്ച് ഒട്ടും പിന്നിലല്ലായിരുന്നില്ല ബോണക്കാട് യു പി സ്‌കൂള്‍. ഇവിടെ നിന്നും പഠിച്ചിറങ്ങിയവരില്‍ ആഭ്യന്തരവകുപ്പിലും റവന്യുവകുപ്പിലും ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ ജോലിനോക്കുന്നവരുണ്ട്. എന്നാല്‍ സ്‌കൂളിന്റെ ഇപ്പോഴത്തെ സ്ഥിതിയാകട്ടെ ദയനീയമാണ്. അടച്ചിട്ട വിദ്യാലയത്തില്‍ വവ്വാലും മരപ്പട്ടിയും പ്രാവുകളും കുരങ്ങന്‍മാരുമൊക്കെയാണ് താമസക്കാര്‍. 

ബോണക്കാട്ടെ ലയങ്ങളില്‍ പട്ടിണി പിടിമുറുക്കിയതോടെയാണ് ഈ വിദ്യാലയത്തിനും ഗതികേട് ആരംഭിച്ചത്. ഇതോടെ സ്‌കൂളിലേക്കുള്ള കുട്ടികളുടെ വരവ് നിലച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ്, 1942ലാണ് ബോണക്കാട് തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ മക്കള്‍ക്കായി റേഷന്‍കടയോടു ചേര്‍ന്നുള്ള ചായ്പ്പില്‍ ബ്രിട്ടീഷ് കമ്പനി കുടിപ്പള്ളിക്കൂടം ആരംഭിച്ചത്.

സ്വതന്ത്ര്യാനന്തരം ഷൈലേഷ് ടി. ഫെന്‍സാലി 1972 ല്‍ ഇതിനെ എല്‍ പി സ്‌കൂളായി ഉയര്‍ത്തി. മഹാവീര്‍ പ്ലാന്റേഷന്‍ എന്നു പേരുള്ള തോട്ടത്തിലെ 300ലധികം കുട്ടികള്‍ അറിവിന്റെ ലോകത്തേക്കെത്തി. അലക്‌സാണ്ടര്‍, ഭൂതലിംഗം, ഭാസ്‌കരന്‍നായര്‍ എന്നിവരെല്ലാം ഇവിടെ മികവുതെളിയിച്ച പ്രഥമാധ്യാപകരായിരുന്നു. അഞ്ചുരൂപയായിരുന്നു ഇവരുടെ ആദ്യകാല ശമ്പളമെന്ന് അന്നത്തെ പിടിഎ പ്രസിഡന്റ് തങ്കദുരൈ പറഞ്ഞു. അന്നിവിടെ പഠിച്ച ആര്‍ ഐ പ്രസന്ന പിന്നീട് നാഗര്‍കോവില്‍ റൂറല്‍ എസ് പിയായി. മറ്റുപലരും കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഉന്നതസ്ഥാനങ്ങളില്‍ ജോലി നേടി.

1985നു ശേഷം ബോണക്കാട്ടെ തേയിലത്തോട്ടം കൂപ്പുകുത്തി. ലോക്കൗട്ട് പ്രഖ്യാപിച്ചു. തൊഴിലാളികള്‍ പട്ടിണിയിലായി. ഇതോടെ വിദ്യാലയത്തിലേക്കുള്ള കുട്ടികളുടെ വരവും നിലയ്ക്കുകയായിരുന്നു. ബോണക്കാട് സ്‌കൂളിന്റെ വിശദാംശംങ്ങള്‍ വിദ്യാഭ്യാസ വകുപ്പിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും, പരിഹാരനടപടികള്‍ ഉണ്ടാകുമെന്നും പാലോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജെ.സിന്ധു പറഞ്ഞു. കുട്ടികളില്ലാത്തതിനാലാണ് അഞ്ച് വര്‍ഷമായി അടച്ചിട്ടിരിക്കുന്നത്. ഇവിടത്തെ ജീവനക്കാരെ മറ്റ് സ്‌കൂളിലേക്ക് മാറ്റാന്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് വേണ്ടിവരുമെന്നും സിന്ധു അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com