എറണാകുളത്ത് ടിജെ വിനോദ് സ്ഥാനാര്‍ഥിയാവും, കെവി തോമസ് യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്ക് ; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th June 2019 01:04 PM |
Last Updated: 10th June 2019 01:04 PM | A+A A- |

കൊച്ചി: ഹൈബി ഈഡന്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് എറണാകുളത്തു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഡിസിസി അധ്യക്ഷന്‍ ടിജെ വിനോദ് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. ഇതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ ധാരണയായതായാണ് സൂചന. മുതിര്‍ന്ന നേതാവ് കെവി തോമസ് യുഡിഎഫ് കണ്‍വീനറാവുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റെന്നു കരുതുന്ന എറണാകുളത്തിനായി സ്ഥാനാര്‍ഥി മോഹികള്‍ പലരും രംഗത്തുണ്ടെങ്കിലും വിനോദിനു തന്നെയാണ് സാധ്യതയെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഐ ഗ്രൂപ്പ് വിനോദിന്റെ പേരു മാത്രമാണ് സ്ഥാനാര്‍ഥിയായി മുന്നോട്ടുവയ്ക്കുന്നത്. മുന്‍ മേയര്‍ ടോണി ചമ്മണിയുടെ പേരും പരിഗണനയിലുണ്ടെങ്കിലും ഗ്രൂപ്പു സമവാക്യങ്ങള്‍ പാലിക്കേണ്ടതിനാല്‍ വിനോദ് തന്നെ സ്ഥാനാര്‍ഥിയാവുമെന്നാണ് നേതാക്കള്‍ പറയുന്നത്.
വിനോദിനും ചമ്മണിക്കും പുറമേ കെവി തോമസാണ് സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ള പ്രധാനപ്പെട്ടയാള്‍. പാര്‍ലമെന്റിലേക്കു സീറ്റു നിഷേധിക്കപ്പെട്ട കെവി തോമസിന് സുപ്രധാനമായ പദവി നല്‍കുമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പു നല്‍കിയിരുന്നതാണ്. ബെന്നി ബെഹനാന്‍ എംപിയായതോടെ ഒഴിവു വരുന്ന യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കെവി തോമസിനെ നിയോഗിച്ചേക്കുമെന്നാണ് അറിയുന്നത്. അതേസമയം തന്നെ ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം കണക്കിലെടുത്ത് എഐസിസി ആസ്ഥാനത്തെ സുപ്രധാനമായ ഏതെങ്കിലും പദവിയില്‍ കെവി തോമസിനെ നിയമിക്കണമെന്ന നിര്‍ദേശവും കേരളത്തിലെ ചില നേതാക്കള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. എഐസിസി നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാവും കെവി തോമസിന്റെ കാര്യത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുക.
അതിനിടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങാനുള്ള നിര്‍ദേശം കോണ്‍ഗ്രസ് നേതൃത്വം കീഴ് ഘടങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കുന്ന വിധം ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഉപതെരഞ്ഞെടുപ്പു നടക്കുന്ന ആറില്‍ അഞ്ചു മണ്ഡലങ്ങളും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. അരൂര്‍ മാത്രമാണ് എല്‍ഡിഎഫിന്റെ സിറ്റിങ് മണ്ഡലം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എ മത്സരിച്ചിട്ടും അരൂരില്‍ ലീഡ് നേടാന്‍ യുഡിഎഫിനായിരുന്നു. ഇതുകൂടി കണക്കിലെടുത്ത് സമ്പൂര്‍ണ ജയമാണ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ലക്ഷ്യമിടുന്നത്.