ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം; കുറ്റപ്പെടുത്തുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളല്ല: ഉമ്മന്‍ ചാണ്ടി 

ആന്റണിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളല്ലെന്ന് ഉമ്മന്‍ ചാണ്ടി
ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം; കുറ്റപ്പെടുത്തുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളല്ല: ഉമ്മന്‍ ചാണ്ടി 

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയെ തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്കെതിരെ ചിലര്‍ സമൂഹമാധ്യമങ്ങള്‍ വഴി നടത്തുന്ന പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് എ കെ ആന്റണി. ഇത്തരത്തില്‍ ആന്റണിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയുടെ ഉത്തരവാദിത്വം ആന്റണിയുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആന്റണിയെ പിന്തുണച്ച് കൊണ്ട് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

കോണ്‍ഗ്രസ് പാര്‍ട്ടിയെ കേരളത്തില്‍ ശക്തിപ്പെടുത്തിയതില്‍ സുപ്രധാന പങ്ക് വഹിച്ച നേതാവാണ് എ കെ ആന്റണിയെന്നായിരുന്നു ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'ആദര്‍ശം മുറുകെ പിടിക്കുന്ന നേതാവിനെ ചെളി വാരിഎറിയാനും ഒറ്റപ്പെടുത്താനുമുള്ള നീക്കം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും അംഗീകരിക്കാനാവില്ല. ലീഡര്‍ കെ.കരുണാകരനെയും എ കെ ആന്റണിയെപോലുള്ള നേതാക്കന്മാര്‍ കൊണ്ട വെയിലാണ് ഇന്നത്തെ കോണ്‍ഗ്രസിന്റെ തണല്‍. മതേതരത്വത്തിന്റെയും ആദര്‍ശശുദ്ധിയുടെയും മുഖമായി എ കെ ആന്റണി ഉയര്‍ന്നു നില്‍ക്കുന്നത് എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഉള്‍കരുത്താണ്'- ഫേസ്ബുക്ക് പോസ്റ്റില്‍ ചെന്നിത്തല കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com