പ്രക്ഷോഭവും പ്രളയവും തിരിച്ചടിയായി; ശബരിമല വരുമാനത്തില്‍ 98.66 കോടി രൂപയുടെ കുറവ്

ശബരിമലയില്‍ മാത്രമല്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലെയും വരുമാനം കുറഞ്ഞിട്ടുണ്ട്
പ്രക്ഷോഭവും പ്രളയവും തിരിച്ചടിയായി; ശബരിമല വരുമാനത്തില്‍ 98.66 കോടി രൂപയുടെ കുറവ്

തിരുവനന്തപുരം; മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമല ക്ഷേത്രത്തിന്റെ വരുമാനത്തില്‍ വന്‍ കുറവ്. തൊട്ടുമുമ്പത്തെ തീര്‍ഥാടനകാലത്തെക്കാള്‍ 98.66 കോടി രൂപയുടെ കുറവാണുണ്ടായത്. ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്നുള്ള സംഭവങ്ങള്‍, പ്രളയം, വടക്കന്‍ ജില്ലകളിലെ നിപബാധ തുടങ്ങിയവയാണ് വരുമാനക്കുറവിന് കാരണമായി കണക്കാക്കുന്നത്. 

ക്ഷേത്രച്ചെലവുകള്‍ക്കായി മാസംതോറും നടത്തുന്ന ഹ്രസ്വകാല സ്ഥിരനിക്ഷേപത്തിലും 78 കോടിയുടെ കുറവുണ്ടായിട്ടുണ്ടെന്നും ദേവസ്വം അക്കൗണ്ട് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ 277,42,02,803 രൂപ വരുമാനം ലഭിച്ചയിടത്ത് ഈവര്‍ഷം 178,75,54,333 രൂപയായി. കാലാകാലങ്ങളിലെ വര്‍ധനകൂടി കണക്കിലെടുത്താന്‍ ഇത്തവണ വരുമാനനഷ്ടം ഇനിയും കൂടും.

ശബരിമലയില്‍ മാത്രമല്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലെയും വരുമാനം കുറഞ്ഞിട്ടുണ്ട്. ബോര്‍ഡിനുകീഴിലെ 1250 ക്ഷേത്രങ്ങളില്‍ 60 എണ്ണത്തിനുമാത്രമാണ് ചെലവ് നിര്‍വഹിക്കാനുള്ള വരുമാനമുള്ളത്. മറ്റു ക്ഷേത്രങ്ങളുടെ നിലനില്‍പ്പ് ശബരിമല വരുമാനത്തെ ആശ്രയിച്ചാണ്. വരുമാനം കുറഞ്ഞത് ക്ഷേത്രങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കും മറ്റ് അത്യാവശ്യ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയാകും. 

തീര്‍ഥാടനകാലത്തെ വരുമാനത്തില്‍നിന്ന് അടുത്ത തീര്‍ഥാടനംവരെയുള്ള ചെലവുകള്‍ക്ക് ഓരോമാസവും നിശ്ചിത തുക ഹ്രസ്വകാല നിക്ഷേപത്തിലേക്ക് മാറ്റും. ഇതും മറ്റുക്ഷേത്രങ്ങളിലെയും ശബരിമലയിലെ വിശേഷദിവസങ്ങളിലെയും വരുമാനവും ചേര്‍ത്താണ് ഓരോ മാസത്തെയും ചെലവ് നടത്തുന്നത്. 20 വര്‍ഷത്തിലേറെയായി തീര്‍ഥാടനകാലത്തെ വരവില്‍നിന്നാണ് ഹ്രസ്വകാല നിക്ഷേപം നടത്തിയിരുന്നത്. കഴിഞ്ഞതവണ 194 കോടി ലഭിച്ചയിടത്ത് ഇത്തവണ ഇതുവരെ 116 കോടി മാത്രമാണ് നിക്ഷേപം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com