ഒരേ സമയം രണ്ട് ഭാര്യമാര്‍ വേണ്ട; ജീവനക്കാരന്റെ രണ്ടാം വിവാഹം വിലക്കി സര്‍ക്കാര്‍ ഉത്തരവ്‌

ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹം കഴിക്കേണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്
ഒരേ സമയം രണ്ട് ഭാര്യമാര്‍ വേണ്ട; ജീവനക്കാരന്റെ രണ്ടാം വിവാഹം വിലക്കി സര്‍ക്കാര്‍ ഉത്തരവ്‌

കൊച്ചി; സർക്കാർ ജീവനക്കാർ രണ്ടാം വിവാഹം കഴിക്കാൻ പാടില്ലെന്ന് ഉത്തരവുമായി സർക്കാർ. ഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹം കഴിക്കേണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്. ഒരേസമയം ഒന്നിൽക്കൂടുതൽ വിവാഹബന്ധത്തിൽ ഏർപ്പെടുന്നത് ജീവനക്കാർക്കുള്ള പെരുമാറ്റച്ചട്ടത്തിന്‌ വിരുദ്ധമാണെന്നും ഉത്തരവിലൂടെ സർക്കാർ വ്യക്തമാക്കി. 

രണ്ടാം വിവാഹം കഴിക്കാനുള്ള എറണാകുളം സ്വദേശിയുടെ അപേക്ഷ തള്ളിക്കൊണ്ട് പൊതുമരാമത്ത് വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. ആദ്യ ഭാര്യ ജീവിച്ചിരിക്കേ നിയമപ്രകാരം വേർപിരിയാതെ മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് രണ്ടാംവിവാഹത്തിനായാണ് പൊതുമരാമത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ അപേക്ഷ നൽകിയത്. ഇത്‌ പരിശോധിച്ചാണ് വകുപ്പ് ഭരണവിഭാഗം ഉത്തരവിറക്കിയിരിക്കുന്നത്.

ഒരു സർക്കാർ ജീവനക്കാരൻ ഔദ്യോഗിക ജീവിതത്തിൽ മാത്രമല്ല വ്യക്തിജീവിതത്തിലും അച്ചടക്കവും വിശ്വാസ്യതയും ധാർമികതയും പുലർത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് നിയമനിർമാണസഭ ചട്ടങ്ങൾ രൂപംനൽകിയതെന്നും ഉത്തരവിൽ പറയുന്നു. മറ്റൊരു വിവാഹം അനുവദിക്കുന്ന മുസ്‌ലിം വ്യക്തിനിയമം ബാധകമാണെങ്കിൽപ്പോലും 1960-ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടമനുസരിച്ച് ഭാര്യ ജീവിച്ചിരിക്കേ മറ്റൊരു വിവാഹബന്ധത്തിൽ ഏർപ്പെടുന്നതിന്‌ സർക്കാരിന്റെ മുൻകൂർ അനുമതി തേടണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com