ഡിസൈനിലും നിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും വീഴ്ച ; പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് സര്‍ക്കാര്‍

കണ്‍സള്‍ട്ടന്‍സി കരാറെടുത്ത കിറ്റ്‌കോ ഒരു പണിയും ചെയ്തില്ല. കഴിഞ്ഞ കാലത്ത് കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മ്മാണങ്ങളും പരിശോധിക്കും
ഡിസൈനിലും നിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും വീഴ്ച ; പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് സര്‍ക്കാര്‍

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് സര്‍ക്കാര്‍. ഡിസൈനിലും നിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും ഭരണതലത്തിലും വീഴ്ചയുണ്ടായി. മേല്‍നോട്ടചുമതലയുണ്ടായിരുന്ന കിറ്റ്‌കോ വന്‍ അനാസ്ഥയാണ് കാണിച്ചത്. കണ്‍സള്‍ട്ടന്‍സി കരാറെടുത്ത കിറ്റ്‌കോ ഒരു പണിയും ചെയ്തില്ല. ഇത് തികഞ്ഞ അഴിമതിയാണ്. കഴിഞ്ഞ കാലത്ത് കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മ്മാണങ്ങളും പരിശോധിക്കും. 

പാലം നിര്‍മ്മാണത്തില്‍ ആഴത്തില്‍ അന്വേഷണം നടത്തും. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. കിറ്റ്‌കോയും കരാറുകാരനും അടക്കം നടത്തിയ കെടുകാര്യസ്ഥതയുടെ ഫലമാണ് പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ മുഴുവന്‍ നിര്‍മ്മാണങ്ങളും പരിശോധിക്കാനാകില്ല. എന്നാല്‍ പരാതി ലഭിച്ചാല്‍ അത്തരം നിര്‍മ്മാണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കും. ദേശീയപാതയിലെ പാലം പണി സര്‍ക്കാര്‍ ഏറ്റെടുക്കില്ല. കേന്ദ്രം ചെയ്യേണ്ട ജോലി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.  

പാലം നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് അന്വേഷണ സംഘം സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാലം നിര്‍മ്മാണത്തില്‍ സിമന്റ്, കമ്പി തുടങ്ങി നിര്‍മ്മാണ സാമഗ്രികളില്‍ വന്‍ തട്ടിപ്പാണ് നടത്തിയതെന്നും, പാലം നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

കരാറുകാരന്‍, കിറ്റ്‌കോ, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ തുടങ്ങിയ പാലം നിര്‍മ്മാണത്തില്‍ ചുമതലയുണ്ടായിരുന്ന ഏജന്‍സികള്‍ക്കെല്ലാം ക്രമക്കേടില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ചെന്നൈ ഐഐടി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും, അവരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടക്കുകയും ചെയ്യുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com