പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു

തൃശൂര്‍ പൂരത്തിലെ തിരുവമ്പാടി മഠത്തില്‍ വരവില്‍ ഏറെക്കാലം പഞ്ചവാദ്യത്തിലെ മേളപ്രമാണക്കാരനായിരുന്നു അന്നമനട പരമേശ്വര മാരാര്‍
പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു

തൃശൂര്‍ : പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഏറെക്കാലം തൃശൂര്‍ പൂരത്തിലെ തിരുവമ്പാടി മഠത്തില്‍ വരവിലെ പഞ്ചവാദ്യത്തിലെ മേളപ്രമാണക്കാരനായിരുന്നു അന്നമനട പരമേശ്വര മാരാര്‍.
 

ഗുരുവായൂരില്‍ ഉത്സവ കാലത്ത് പഞ്ചവാദ്യത്തിന് സ്ഥിര പ്രമാണക്കാരന്‍ ആയിരുന്ന പരമേശ്വര മാരാര്‍ അസുഖ ബാധിതനായി അരങ്ങത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. നാല് വര്‍ഷം മുന്‍പാണ് അദ്ദേഹം അവസാനമായി ഗുരുവായൂരില്‍ പഞ്ചവാദ്യത്തില്‍ പങ്കെടുത്തത് 

1952ല്‍ തൃശൂര്‍ അന്നമനട പടിഞ്ഞാറേ മാരേത്ത് കുടുംബത്തില്‍ ജനിച്ച പരമേശ്വര മാരാര്‍ കേരള കലാമണ്ഡലത്തിലെ തിമില പരിശീലനത്തിനുള്ള ആദ്യബാച്ചില്‍ ചേര്‍ന്നു. ഗുരു അന്നമനട പരമേശ്വരമാരാര്‍ക്കു കീഴിലായിരുന്നു പരിശീലനം. ഒരു വര്‍ഷത്തിനു ശേഷം കലാമണ്ഡലത്തില്‍ തന്നെയായിരുന്നു അരങ്ങേറ്റം. 

പിന്നീട് പല്ലാവൂര്‍ സഹോദരന്‍മാര്‍ക്കു കീഴില്‍ രണ്ടുവര്‍ഷത്തെ വിഗദ്ധ പരിശീലനം നേടി. 20 വയസ് പിന്നിട്ടതോടെ തിമിലയില്‍ പരമേശ്വരമാരാരുടെ വൈദഗ്ധ്യം പുറംലോകമറിഞ്ഞു. 2007ല്‍ കേരള സംഗീതനാടക അക്കാദമിയുടെ പുരസ്‌ക്കാരവും 2010ല്‍ ഫെല്ലോഷിപ്പും നേടി. തിരുവമ്പാടി ദേവസ്വത്തിന്റെ ഗോള്‍ഡ് മെഡല്‍, വെള്ളാറ്റഞ്ഞൂര്‍ ശങ്കരന്‍ നമ്പീശന്‍ സ്വര്‍ണ്ണപതക്കം തുടങ്ങി നിരവധി ബഹുമതികള്‍ പരമേശ്വരമാരാര്‍ക്ക് ലഭിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com