പിണറായി സിപിഎമ്മിന്റെ ആരാച്ചാര്‍; ശൈലി മാറ്റിക്കുമെന്ന് മുല്ലപ്പള്ളി

പിണറായിയിലെ പാറപ്പുറത്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നത്. അതേ നാട്ടുകാരന്‍ തന്നെ പാര്‍ട്ടിയുടെ ഉദകക്രിയ നടത്തുമെന്നും മുല്ലപ്പള്ളി
പിണറായി സിപിഎമ്മിന്റെ ആരാച്ചാര്‍; ശൈലി മാറ്റിക്കുമെന്ന് മുല്ലപ്പള്ളി

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനാണ് സിപിഎമ്മിന്റെ ആരാച്ചാര്‍ എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായിയിലെ പാറപ്പുറത്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നത്. അതേ നാട്ടുകാരന്‍ തന്നെ പാര്‍ട്ടിയുടെ ഉദകക്രിയ നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ ജനവിധിയാണ് കേരളത്തില്‍ യുഡിഎഫിന് വലിയ വിജയം നല്‍കിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബസഹായ ഫണ്ട് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുല്ലപ്പള്ളി

ശൈലി മാറ്റില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. ധാര്‍ഷ്ട്യവും ധീക്കാരവും നിറഞ്ഞ മുഖ്യമന്ത്രിയുടെ ശൈലി ജനങ്ങള്‍ മാറ്റിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിന്റെ ആക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പോരാട്ടം തുടരും. മുഖ്യമന്ത്രി മൂന്ന് വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡ് ജനങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിച്ചു. പിണറായിയുടെ 36 മാസത്തെ ഭരണത്തില്‍ 31 കൊലപാതകങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ഇതാണോ കേരളത്തിന്റെ പുരോഗതിയെന്ന് മുല്ലപ്പള്ളി ചോദിച്ചു.

പെരിയ കൊലപാതകം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്തിനാണ് ഈ കുട്ടികളെ കൊലപ്പെടുത്തിയതെന്ന് ഇനിയെങ്കിലും തുറന്ന് പറയാന്‍ മുഖ്യമന്ത്രിയും പാര്‍്ട്ടിയും തയ്യാറാവണം. ഈ ആക്രമണത്തില്‍ സിപിഎമ്മിന് പങ്കില്ലെങ്കില്‍ എന്തിനാണ് സിപിഎം സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് വേദനാജനകമാണ്. കോടതിയുടെ ഭാഗത്തുനിന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി പറഞ്ഞു. 

വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ സിഒടി നസീറിന്റെ വധശ്രമത്തിന് നേതൃത്വം നല്‍കിയത് എംഎല്‍എയാണെന്ന് അദ്ദേഹം മൊഴി നല്‍കിയിട്ടും നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറായില്ല. ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com