വയനാട്ടില്‍ യാത്രാ തടസ്സമുണ്ടാക്കാനല്ലാതെ രാഹുലിന് ഒന്നും ചെയ്യാനാവില്ല ; അടുത്ത തവണയും പ്രധാനമന്ത്രി മോദി തന്നെ : വെള്ളാപ്പള്ളി

ശബരിമലയിലെ വനിതാപ്രവേശന വിഷയവുമായി ബന്ധപ്പെട്ട സമീപനത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റി. ശബരിമലയില്‍ യുവതി പ്രവേശം പാടില്ല
വയനാട്ടില്‍ യാത്രാ തടസ്സമുണ്ടാക്കാനല്ലാതെ രാഹുലിന് ഒന്നും ചെയ്യാനാവില്ല ; അടുത്ത തവണയും പ്രധാനമന്ത്രി മോദി തന്നെ : വെള്ളാപ്പള്ളി

ആലപ്പുഴ: വയനാട്ടില്‍ യാത്രാ തടസം ഉണ്ടാക്കാനല്ലാതെ ഒന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിക്ക് ആകില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയിലെ വനിതാപ്രവേശന വിഷയവുമായി ബന്ധപ്പെട്ട സമീപനത്തില്‍ സര്‍ക്കാരിന് തെറ്റുപറ്റി. ശബരിമലയില്‍ യുവതി പ്രവേശം പാടില്ല എന്നാണ് അഭിപ്രായം. ഇക്കാര്യം മുന്നേ പറഞ്ഞതാണ്. മതില്‍ വിജയിച്ചു, പിറ്റേന്ന് പൊളിച്ചു എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

വീഴ്ചയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടേത്  മാത്രമല്ല. ആരുടെയെങ്കിലും തലയില്‍ മാത്രം കെട്ടിവെക്കുന്നത് മാന്യതയല്ല, മര്യാദയല്ല. മുന്നണിയുടെ കൂട്ടുത്തരവാദിത്തമാണ്. മുഖ്യമന്ത്രിക്ക് മാത്രമാണ് ഉത്തരവാദിത്തമെന്ന് പറയുന്നത് ശരിയല്ല. ശബരിമല യുവതീപ്രവേശത്തില്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടോയെന്ന് പലരോടും ചോദിച്ചിരുന്നു. മുഖ്യമന്ത്രി അറിഞ്ഞിട്ടാണ് ഇത് ചെയ്തതെന്ന് തോന്നുന്നില്ലെന്നാണ് പലരും പറഞ്ഞത് എന്നും വെള്ളാപ്പള്ളി പറഞ്ഞു. 

ഇടതുമുന്നണി പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ സംഘടിത വോട്ട് ബാങ്കായി ആനുകൂല്യങ്ങള്‍ സ്വന്തമാക്കുന്നു. എന്‍.എസ്.എസിന് മാടമ്പിത്തരമാണ്. എന്‍എസ്എസ് കാറ്റു നോക്കി തൂറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയില്‍ ആരിഫിനെ നിര്‍ത്തിയത് മുസ്ലിം വോട്ട് ബാങ്ക് നോക്കിയാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. വിപ്ലവ പാര്‍ട്ടി പോലും ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്ന ദുരവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തവണയും മോദി തന്നെയാകും ഇന്ത്യ ഭരിക്കുകയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com