'ഇ ശ്രീധരന്‍ പലതും പറയും, അതൊന്നും നടക്കണ കാര്യമല്ല, സിമന്റ് എത്രയിട്ടു, കമ്പി എത്രയിട്ടു എന്നൊക്കെ മന്ത്രിക്ക് നോക്കാനാകുമോ?: ഇബ്രാഹിം കുഞ്ഞ്

റോഡുപണി നടക്കുമ്പോഴും പാലം പണി നടക്കുമ്പോഴും സിമന്റ് എത്രയിട്ടു, കമ്പി എത്രയിട്ടു എന്നൊക്കെ മന്ത്രിക്ക് നോക്കാനാകുമോ. അതൊക്കെ ഉദ്യോഗസ്ഥരല്ലേ ചെയ്യേണ്ടത്
'ഇ ശ്രീധരന്‍ പലതും പറയും, അതൊന്നും നടക്കണ കാര്യമല്ല, സിമന്റ് എത്രയിട്ടു, കമ്പി എത്രയിട്ടു എന്നൊക്കെ മന്ത്രിക്ക് നോക്കാനാകുമോ?: ഇബ്രാഹിം കുഞ്ഞ്


കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഉദ്യോഗസ്ഥരെ പഴിചാരി മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭരണാനുമതി മാത്രമാണ് മന്ത്രിയെന്ന നിലയില്‍ നല്‍കാനാകൂ. സിമന്റിന്റെയും കമ്പിയുടെയും അളവ് പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരാണ്. റോഡുപണി നടക്കുമ്പോഴും പാലം പണി നടക്കുമ്പോഴും സിമന്റ് എത്രയിട്ടു, കമ്പി എത്രയിട്ടു എന്നൊക്കെ മന്ത്രിക്ക് നോക്കാനാകുമോ. അതൊക്കെ ഉദ്യോഗസ്ഥരല്ലേ ചെയ്യേണ്ടത്. അതിന് ചുമതലപ്പെടുത്തിയ ആളുകളുണ്ട്. അവര് നോക്കിയില്ലെങ്കില്‍ അവര്‍ കുറ്റക്കാരാണ്. ഇത് മന്ത്രിയുടെ പണിയല്ലെന്ന് കോമണ്‍സെന്‍സ് ഉപയോഗിച്ച് ചിന്തിച്ചാല്‍ മനസ്സിലാകുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. 

പാലാരിവട്ടം പാലത്തിന്റെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കും. അത് ഇന്ത്യന്‍ പൗരന്റെ കടമയാണ്. പാലം മാറ്റിപ്പണിയണമെന്ന് ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടതിനെക്കുറിച്ച് മുന്‍മന്ത്രിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. ഇ ശ്രീധരന്‍ പലതും പറയും, അതൊന്നും നടക്കണ കാര്യമല്ല.  ഇ ശ്രീധരനെ മെട്രോയില്‍ നിന്നും ഈ സര്‍ക്കാര്‍ ഒഴിവാക്കിയത് എന്തിനാണെന്നും ഇബ്രാഹിം കുഞ്ഞ് ചോദിച്ചു.  ഇ ശ്രീധരനെ ഞങ്ങള്‍ കൊണ്ടു നടന്നതാണ്. അദ്ദേഹത്തെ ഈ സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു. 

മേല്‍പ്പാലം അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് കണ്ടുകെട്ടണമെന്ന സിപിഎമ്മിന്റെ ആവശ്യത്തോടും രൂക്ഷമായാണ് മുന്‍മന്ത്രി പ്രതികരിച്ചത്. ബംഗാളില്‍ ഇമ്മാതിരി പണി നടത്തിയിട്ടാണ് സിപിഎം ഇപ്പോള്‍ ഉപ്പുവെച്ച കലം പോലെയായത്. സിപിഎമ്മിന് അധികാരമുണ്ടെങ്കില്‍ അവരത് നടത്തിക്കോട്ടെയെന്നും ഇബ്രാഹിംകുഞ്ഞ് അഭിപ്രായപ്പെട്ടു. 

പാലാരിവട്ടം മേല്‍പ്പാലം അഴിമതി സംബന്ധിച്ച് ഗണേഷ് കുമാര്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിട്ടില്ല. പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കുമായിരുന്നു. ഗണേഷ കുമാര്‍ മാത്രമല്ല, മറ്റ് പല കുമാര്‍മാരും പലതും പറയുന്നുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പണിത ഏനാത്ത് പാലം പിണറായി സര്‍ക്കാരിന്റെ കാലത്ത് തകര്‍ന്നു. അത് പുനര്‍ നിര്‍മ്മാണത്തിന് അടച്ചിട്ടില്ലേ. എല്ലാവര്‍ക്കും ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് 36 വകുപ്പുകളെക്കുറിച്ച് സര്‍വേ റിപ്പോര്‍ട്ടാണ് 2015 ല്‍ നല്‍കിയത്. ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടല്ല നല്‍കിയതെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com