കാര്‍ട്ടൂണ്‍ വിവാദം: ലളിതകലാ അക്കാദമി സെക്രട്ടറിക്ക് വധഭീഷണി 

 കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ്  വിവാദമായതിന് പിന്നാലെ അക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന് വധഭീഷണി
കാര്‍ട്ടൂണ്‍ വിവാദം: ലളിതകലാ അക്കാദമി സെക്രട്ടറിക്ക് വധഭീഷണി 

തൃശൂര്‍:  കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ്  വിവാദമായതിന് പിന്നാലെ അക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന് വധഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടറി തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കാര്‍ട്ടൂണ്‍ അവാര്‍ഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ക്രിസ്ത്യന്‍ മതവികാരത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണിനെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അവാര്‍ഡ് നിര്‍ണയ ജൂറിക്ക് വീഴ്ച സംഭവിച്ചോ എന്ന് അക്കാദമി പരിശോധിക്കട്ടെ എന്നുമായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണം.

സംസ്ഥാന ലളിതകലാ അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരമാണ് വിവാദമായത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്‍ കേന്ദ്ര കഥാപാത്രമായ കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചിരുന്നു. ഇതിനെതിരെ കെസിബിസി ഉള്‍പ്പടെ രംഗത്തെത്തിയതോടെയാണ് പുരസ്‌കാരം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ലളിതകലാ അക്കാദമിക്ക് നിര്‍ദേശം നല്‍കിയത്. 

സര്‍ക്കാര്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയാണെന്നായിരുന്നു കെസിബിസിയുടെ ആരോപണം. ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയനെ അവഹേളിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നും കെസിബിസി ആരോപിക്കുന്നു.കെകെ സുഭാഷിന്റെ 'വിശ്വാസം രക്ഷതി' എന്ന പേരിലെ കാര്‍ട്ടൂണാണ് സഭയെ ചൊടിപ്പിച്ചത്. സ്ത്രീ പീഡകര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമുള്ള വിമര്‍ശനമാണ് കാര്‍ട്ടൂണ്‍.

പീഡന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കയ്യിലെ മെത്രാന്‍ സ്ഥാനീയ ചിഹ്നത്തില്‍ അടിവസ്ത്രത്തിന്റെ ചിത്രം ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍ വരച്ചത്.പൂവന്‍ കോഴിക്ക് ഫ്രാങ്കോയുടെ മുഖമാണ്. കൈയില്‍ മെത്രാന്‍ സ്ഥാനീയ ചിഹ്നവും. കോഴിയുടെ നില്‍പ്പ് പൊലീസിന്റെ തൊപ്പിക്ക് മുകളിലാണ്. തൊപ്പി പിടിക്കുന്നയാള്‍ക്ക് പിസി ജോര്‍ജ്ജിന്റേയും ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിയുടേയും മുഖം. ഇതാണ് കാര്‍ട്ടൂണ്‍ ചര്‍ച്ചയാക്കുന്ന വിമര്‍ശനം.

കുരിശിന് പകരം അപമാനകരമായ ചിഹ്നം വരച്ച വികല ചിത്രത്തിനാണ് ഇടതുസര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുന്നതെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷം തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്നില്ലെന്ന മാര്‍കിസ്റ്റുപാര്‍ട്ടിയുടെ വിലയിരുത്തലാണോ കാര്‍ട്ടൂണ്‍ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നിലെ പ്രചോദനമെന്ന് സംശയിക്കുന്നതായും കെസിബിസി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com