നിപ: വവ്വാലുകളെ പിടിക്കാന്‍ വലകള്‍ സ്ഥാപിച്ചു: ഇന്ന് സാംപിളുകള്‍ ശേഖരിക്കും

കേരള വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്, നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ അടങ്ങിയ എട്ടംഗ സംഘമാണ് വലകള്‍ ശാസ്ത്രീയമായി സ്ഥാപിച്ചത്. 
നിപ: വവ്വാലുകളെ പിടിക്കാന്‍ വലകള്‍ സ്ഥാപിച്ചു: ഇന്ന് സാംപിളുകള്‍ ശേഖരിക്കും

കൊച്ചി: പറവൂരിലെ വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് പടര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ ഇന്ന് വവ്വാലുകളില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കും. ഇതിനായി വവ്വാലുകളെ പിടിക്കാന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ വലകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശാസ്ത്രീയമായാണ് വലകള്‍ സ്ഥാപിച്ചിരിക്കുന്നത്. 

വടക്കന്‍ പറവൂരില്‍ വവ്വാലുകളെ ധാരാളമായി കാണുന്ന വാവക്കാട്ട് പ്രദേശത്ത് രണ്ടു വലകളും നിപ വൈറസ് ബാധിച്ച യുവാവിന്റെ വീടിന് സമീപത്തെ ഫല വൃക്ഷ പരിസരത്ത് ഒരു വലയും അധികൃതര്‍ സ്ഥാപിച്ചു. കേരള വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട്, നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ അടങ്ങിയ എട്ടംഗ സംഘമാണ് വലകള്‍ ശാസ്ത്രീയമായി സ്ഥാപിച്ചത്. 

വിദ്യാര്‍ത്ഥിക്ക് നിപ ബാധയേറ്റത് വവ്വാല്‍ കടിച്ച പേരയ്ക്ക കഴിച്ചതിലൂടെയാണെന്ന സംശയത്തെ തുടര്‍ന്നാണ് വവ്വാലുകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നത്. വിദ്യാര്‍ത്ഥി പനി ബാധിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നു. 

അതേസമയം വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് വ്യക്തമാക്കിയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ വന്നത്. പരസഹായമില്ലാതെ നടക്കാനും, ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ടെന്ന് കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയും പറഞ്ഞിരുന്നു. 

അതിനിടെ യുവാവുമായി അടുത്തിടപെഴകിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന മാവേലിക്കര സ്വദേശിയായ ഇരുപത്തിയേഴുകാരിയെ പനിയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. യുവാവിനെ പരിചരിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് ഇവര്‍. എന്നാല്‍ കളമശേരി മെഡിക്കല്‍ കോളെജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴ് രോഗികളുടെ സാമ്പിളുകളിലും നിപയില്ലെന്നും വ്യക്തമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com