'മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്, സഞ്ചയനവും പതിനാറും വേണ്ട'

'ആരെയും കാത്തുനിൽക്കാതെ എത്രയുംവേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണം'
'മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്, സഞ്ചയനവും പതിനാറും വേണ്ട'

തിരുവനന്തപുരം; മരണ ശേഷം തന്റെ ശരീരത്തിൽ ഒരു പൂവും വെക്കരുതെന്ന് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നും വ്യക്തമാക്കി പ്രമുഖ എഴുത്തുകാരി സു​ഗതകുമാരി. ആരെയും കാത്തുനിൽക്കാതെ എത്രയുംവേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണം എന്നാണ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സു​ഗതകുമാരി പറഞ്ഞത്.

സു​ഗതകുമാരിയുടെ വാക്കുകൾ ഇങ്ങനെ- “മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനിൽക്കാതെ എത്രയുംവേഗം ശാന്തികവാടത്തിൽ ദഹിപ്പിക്കണം. ഒരാൾ മരിച്ചാൽ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തിൽ മൂടുന്നത്. ശവപുഷ്പങ്ങൾ. എനിക്കവ വേണ്ട. മരിച്ചവർക്ക് പൂക്കൾ വേണ്ട. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക. അതുമാത്രംമതി. ശാന്തികവാടത്തിൽനിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവർക്ക് ആഹാരം കൊടുക്കാൻ ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട ” 

രണ്ടാമത്തെ ഹൃദയാഘാതം വന്നതോടെ അവശതയിലാണ് മലയാളത്തിന്റെ പ്രിയകവി. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്. ഇപ്പോൾ  നന്ദാവനത്തെ വീട്ടിൽ വിശ്രമത്തിലാണ്. മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തിൽ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കിൽ എത്രയുംവേഗം അവിടെനിന്ന് വീട്ടിൽക്കൊണ്ടുവന്ന് ആരെയും കാത്തുനിൽക്കാതെ ശാന്തികവാടത്തിൽ ദഹിപ്പിക്കണമെന്നാണ് സു​ഗതകുമാരി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com