യതീഷ്ചന്ദ്രയുടെ സ്ഥലം മാറ്റം മരവിപ്പിച്ചു;  ജൂലൈ ഒന്നുവരെ തൃശൂരില്‍ തുടരും

വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥലംമാറ്റം തടയണമെന്ന യതീഷ്ചന്ദ്രയുടെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം
യതീഷ്ചന്ദ്രയുടെ സ്ഥലം മാറ്റം മരവിപ്പിച്ചു;  ജൂലൈ ഒന്നുവരെ തൃശൂരില്‍ തുടരും

തൃശൂര്‍: തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജിഎച്ച് യതീഷ്ചന്ദ്രയുടെ സ്ഥലംമാറ്റം തല്‍ക്കാലത്തേയ്ക്കു മരവിപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥലംമാറ്റം തടയണമെന്ന യതീഷ്ചന്ദ്രയുടെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം. കൊല്ലം കമ്മിഷണറായിരുന്ന പികെ മധുവിനെ തൃശൂര്‍ കമ്മിഷണറായി നിയമിച്ചിരുന്നു. പൊലീസ് ആസ്ഥാനത്താണ് മധുവിന് താത്കാലിക ചുമതല

കുടുംബസമേതം തൃശൂരിലാണ് യതീഷ്ചന്ദ്ര താമസിക്കുന്നത്. തൃശൂരില്‍ നിന്ന് സ്ഥലംമാറ്റത്തിന് സാവകാശം വേണമെന്ന അഭ്യര്‍ഥന സര്‍ക്കാര്‍ കണക്കിലെടുത്തു. അങ്ങനെയാണ്, ജുലൈ ഒന്നു വരെ തുടരന്‍ അനുമതി നല്‍കിയത്. സൈബര്‍ സെല്ലിലേക്കാണ് യതീഷ്ചന്ദ്രയെ സ്ഥലംമാറ്റിയത്. സര്‍ക്കാര്‍ തീരുമാന പ്രകാരം സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയാല്‍ റദ്ദാക്കുന്ന പതിവില്ല. 

തിരുവനന്തപുരം, കൊച്ചി, ആലുവ റൂറല്‍, കൊല്ലം, വടകര റൂറല്‍, കണ്ണൂര്‍ തുടങ്ങി നിരവധിയിടങ്ങളില്‍ പൊലീസ് മേധാവിമാരെ മാറ്റിയക്കൂട്ടത്തിലായിരുന്നു യതീഷ് ചന്ദ്രയുടെ സ്ഥലംമാറ്റവും. എന്നാല്‍, യതീഷ്ചന്ദ്രയുടെ കാര്യത്തില്‍ മാത്രമാണ് പ്രത്യേക താല്‍പര്യം സര്‍ക്കാര്‍ കാണിച്ചത്. ഉന്നയിച്ച വ്യക്തിപരമായ ആവശ്യം പരിഗണിക്കപ്പെടേണ്ടതാണെന്ന് സര്‍ക്കാരും വിലയിരുത്തി. 

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് യതീഷ്ചന്ദ്രയെ സ്ഥലംമാറ്റിയതെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ഇതോടെ വ്യക്തമായി. ശബരിമലയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടും യതീഷ്ചന്ദ്ര വിവാദത്തിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com