അടൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മഹാരാഷ്ട്രയിൽ നിന്ന് കണ്ടെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th June 2019 07:19 PM |
Last Updated: 14th June 2019 07:19 PM | A+A A- |

പത്തനംതിട്ട: അടൂരിൽ നിന്ന് കാണാതായ മൂന്ന് നഴ്സിങ് വിദ്യാർഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് പെൺകുട്ടികളെ റെയിൽവേ പൊലീസ് കണ്ടെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു.
ഇന്നലെ വൈകീട്ടാണ് അടൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലെ നഴ്സിങ്ങ് വിദ്യാർത്ഥികളായ മൂന്ന് പേരെയും കാണുന്നില്ലെന്ന് കാണിച്ച് ഹോസ്റ്റൽ വാർഡൻ പൊലീസിൽ പരാതി നൽകിയത്. പത്തനംതിട്ട സീതത്തോട്, നിലമ്പൂർ, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് കാണാതായത്.
കാണാതായ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ പൂനെ സ്വദേശിനിയാണ്. പത്തനംതിട്ട, നിലമ്പൂര്‍ സ്വദേശിനികളാണ് മറ്റുള്ളവര്‍. ഇവര്‍ മൂവരും കൂടി ഹോസ്റ്റലില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് പോവുകയും പിന്നീട് കാണാതാവുകയുമായിരുന്നു. പൂനെ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ വീട്ടിലേക്ക് ഇവര്‍ മൂവരും ചേര്‍ന്ന് പോയി എന്നാണ് അന്വേഷണത്തില്‍ മനസിലാക്കാനായതെന്ന് പൊലീസ് പറഞ്ഞിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവർ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടെന്ന് വ്യക്തമായി. ഇതോടെ റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇവരെ കൊണ്ട് വരാൻ ബന്ധുക്കളും പൊലീസും മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്.