'ഞാനൊരു യാത്ര പോകുന്നു, വിഷമിക്കരുത്'; കാണാതാകും മുന്‍പ് സിഐ നവാസ് ഭാര്യയ്ക്ക് സന്ദേശം അയച്ചു; എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചു;മൂന്ന് സംഘങ്ങള്‍ തിരച്ചില്‍ തുടരുന്നു

കായംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ നവാസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്
'ഞാനൊരു യാത്ര പോകുന്നു, വിഷമിക്കരുത്'; കാണാതാകും മുന്‍പ് സിഐ നവാസ് ഭാര്യയ്ക്ക് സന്ദേശം അയച്ചു; എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചു;മൂന്ന് സംഘങ്ങള്‍ തിരച്ചില്‍ തുടരുന്നു

കൊച്ചി: കാണാതായ സെന്‍ട്രല്‍ സിഐ നവാസിനായുള്ള അന്വേഷണം തുടരുന്നു. ഇന്നലെ രാവിലെ തേവരയിലുള്ള എടിഎമ്മില്‍ നിന്ന് പണമെടുക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു.  പുലര്‍ച്ചെ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നാണ് തേവര എടിഎമ്മിലെത്തിയത്. ടീഷര്‍ട്ടും പാന്റ്‌സുമാണ് വേഷം. എടിഎമ്മില്‍ രണ്ടര മിനിറ്റ് ചെലവിട്ടു. 10,000 രൂപ ഇവിടെ നിന്ന് പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ അടുത്ത ഭാര്യയ്ക്ക് നവാസ് ഒരു വാട്‌സ് ആപ് സന്ദേശവും അയച്ചിരുന്നു.  ഒരു യാത്ര പോകുകയാണെന്നും വിഷമിക്കരുതെന്നുമാണ് 
വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നത്.

നവാസ് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചത് വ്യക്തമായ കണക്കുകൂട്ടലുകളോടെയാവാമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടല്‍. യാത്രക്ക് പോകാനോ, മറ്റചെലവിനായോ എടുത്തതായിരിക്കാം എന്നാണ് പൊലീസിന്റെ  കണക്കുകൂട്ടല്‍. എന്നാല്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്ന വിധം ഡ്രസ്സുകളൊന്നും എടുത്തിട്ടില്ലെന്നാണ് ഭാര്യ പറയുന്നത്. മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുമെന്നറിയുന്നതിനാലാവാം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടല്‍. 

ഇന്നലെ രാവിലെ കെഎസ്ഇബി. വിജിലന്‍സില്‍ ജോലിചെയ്യുന്ന പോലീസുകാരന്റെ വാഹനത്തില്‍ നവാസ് കായംകുളം വരെ എത്തിയതായി പോലീസ് കണ്ടെത്തി. ബസില്‍ വെച്ച് നവാസിനെ കണ്ട പോലീസുകാരന്‍ ചേര്‍ത്തലയില്‍ നിന്ന് കായംകുളത്തേക്ക് വാഹനത്തില്‍ ഒപ്പം കൂട്ടുകയായിരുന്നു. കോടതിയാവശ്യത്തിന് പോകുന്നതായാണ് പോലീസുകാരനോട് നവാസ് പറഞ്ഞത്. ഇതിനുശേഷം നവാസിനെക്കുറിച്ച് ഒരു വിവരവും ഇല്ല.

കായംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ നവാസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധിക്കുന്നില്ല. മാത്രമല്ല ഇദ്ദേഹം സിം കാര്‍ഡ് മാറ്റിയിട്ടുമുണ്ട്. നവാസിനായി മൂന്നു സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഓരോ ജില്ലയിലും സ്‌പെഷ്യല്‍ ബ്രാഞ്ചിനെക്കൂടി ഉള്‍പ്പെടുത്തി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. വ്യാപകമായ തിരച്ചിലാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. 

എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ നവാസിനുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ഇത് കേന്ദ്രീകരിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. 

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. നവാസിനെ വ്യാഴാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നാണ് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ സൗത്തിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നവാസ് എത്തിയതായി ഭാര്യ നല്‍കിയ പരാതിയിലുണ്ട്. ഉറങ്ങാന്‍ കിടന്ന നവാസിനെ അഞ്ചേമുക്കാലോടെ കാണാതായി. മൊബൈലില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ രാവിലെ തന്നെ പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com