സാമൂഹ്യ മാധ്യമങ്ങളിലൂടെ ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് പണം തട്ടുന്നവരെക്കുറിച്ച് അന്വേഷിക്കണം: മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്

സാമൂഹ്യ മാധ്യമങ്ങളിലൂടെ ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ കത്ത്
സാമൂഹ്യ മാധ്യമങ്ങളിലൂടെ ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് പണം തട്ടുന്നവരെക്കുറിച്ച് അന്വേഷിക്കണം: മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ കത്ത്. ഇത്തരത്തിലുള്ള സംഘങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി കത്ത് നല്‍കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന സഹായ അഭ്യര്‍ത്ഥനകളിലൂടെയുള്ള തട്ടിപ്പുകളെ തുറന്ന് കാട്ടേണ്ടതുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഗുരുതര രോഗബാധിതരായവര്‍ക്കും ഭാരിച്ച ചികിത്സ ചെലവുകള്‍ ആവശ്യമായി വരുന്നവര്‍ക്കും സഹായം എത്തിക്കാനായാണ് സര്‍ക്കാര്‍ തന്നെ വി കെയര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പാവപ്പെട്ട നിരവധി ആളുകള്‍ക്കാണ് ഈ പദ്ധതിയിലൂടെ സഹായം നല്‍കി വരുന്നത്. സര്‍ക്കാരിന്റെ തുകയോടൊപ്പം പൊതുജനങ്ങളുടെ സഹായത്തോടെയാണ് വി കെയര്‍ പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട ആളുകളെ സഹായിക്കാന്‍ സന്മസുള്ളവര്‍ ധാരളമുണ്ട്. അവര്‍ സംഭാവന നല്‍കുന്ന തുക അര്‍ഹിക്കുന്ന ആളുകളില്‍ എത്തിക്കാന്‍ വി കെയര്‍ സഹായിക്കുന്നതാണ്.
 

സാമൂഹ്യ സുരക്ഷാമിഷന്റെ വി കെയര്‍ പദ്ധതിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ പൂര്‍ണമായും സുതാര്യമാണ്. ഈ പദ്ധയിലേക്ക് ചികിത്സാ സഹായത്തിനായുള്ള അപേക്ഷകള്‍ പരിശോധിക്കുകയും രോഗികളുടെ രോഗാവസ്ഥയെക്കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുകയും ചെയ്താണ് ചികിത്സ ലഭ്യമാക്കുന്നത്. അപേക്ഷകരുടെ സാമ്പത്തിക അവസ്ഥകൂടി പരിഗണിച്ചാണ് അര്‍ഹരായവര്‍ക്ക് സഹായം എത്തിക്കുന്നത്. വിദേശത്ത് നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ വി കെയറിലേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന എഫ്.സി.ആര്‍.എ. രജിസ്‌ട്രേഷനുള്ള ബാങ്ക് അക്കൗണ്ടാണ് നിലവിലുള്ളത്. സംഭാവനകള്‍ക്ക് നിയമാനുസൃതമായ നികുതി ഇളവ് ഉണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് ഗേറ്റ് വേ വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ് (http://www.socialsecuritymission.gov.in). വിദേശത്തുള്ളവര്‍ കറണ്ട് അക്കൗണ്ട്‌നമ്പര്‍ 32571943287, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച്, IFSC SBIN0000941, തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും, ഇന്ത്യക്ക് അകത്തുള്ളവര്‍ എസ്.ബി.അക്കൗണ്ട് നമ്പര്‍ 30809533211, എസ്.ബി.ഐ. സ്റ്റാച്യൂ ബ്രാഞ്ച് തിരുവനന്തപുരം എന്ന അക്കൗണ്ടിലേക്കും സംഭാവനകള്‍ നല്‍കാവുന്നതാണ്. കൂടാതെ ഡി.ഡിയായും, ചെക്കായും, മണിയോര്‍ഡറായും സംഭാവനകള്‍ നല്‍കാവുന്നതാണ്-മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com