'കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചാല്‍ പള്ളിയില്‍ കല്യാണം നടത്താം'; അതിന് ഞാന്‍ തയ്യാറായില്ല; ജീവിതസ്മരണകളിലൂടെ ലോറന്‍സ്

ഇ ബാലാനന്ദനും, കെഎന്‍ രവീന്ദ്രനാഥും ഇതേക്കുറിച്ച് സൂചന തന്നു
'കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചാല്‍ പള്ളിയില്‍ കല്യാണം നടത്താം'; അതിന് ഞാന്‍ തയ്യാറായില്ല; ജീവിതസ്മരണകളിലൂടെ ലോറന്‍സ്

കൊച്ചി: വിവാഹം എങ്ങനെ നടത്തണമെന്നു പാര്‍ട്ടി കമ്മറ്റിയില്‍ വോട്ടെടുപ്പ് നടന്നു. എന്റെ എതിര്‍പ്പ് വോട്ടോടെ കല്യാണം പള്ളിയില്‍ നടത്താന്‍ തീരുമാനിച്ചു - വിവാഹത്തെകുറിച്ച് എംഎം ലോറന്‍സ്. നവതിയിലേക്ക് കടക്കുന്ന എംഎം ലോറന്‍സിനെ ആദരിക്കാന്‍ സൗഹൃദവേദി സംഘടിപ്പിച്ച ചടങ്ങിലാണ് ലോറന്‍സ് വിവാഹത്തെ കുറിച്ച മനസ്സ് തുറന്നത്.

ഭാര്യവീട് പൊന്നാരിമംഗലത്താണ്. കമ്മ്യൂണിസ്റ്റുകാരന് സഹോദരിയെ വിവാഹം ചെയ്തുകൊടുക്കാന്‍ ആങ്ങളയ്ക്ക് സമ്മതമല്ല. പള്ളിയില്‍ വെച്ചാണ് കല്യാണമെങ്കില്‍ ആയിക്കോളൂ എന്നായി. കമ്മ്യൂണിസ്റ്റുകാരന്റെ കല്യാണം പള്ളിയില്‍ വെച്ച് നടത്താന്‍ വികാരി തയ്യാറായില്ല. കുടുംബത്തെ ഉപേക്ഷിച്ച് കല്യാണം നടത്താന്‍ യുവതിക്കും സമ്മതമില്ല. ഇക്കാര്യമാണ് പാര്‍ട്ടി കമ്മറ്റിയിലെ ചര്‍ച്ച. 

ലോറന്‍സിന്റെ അപ്പന്‍ പള്ളിയില്‍ പോകുന്ന ആളല്ലെങ്കിലും വികാരിയുമായി നല്ല ബന്ധമുള്ളയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചാല്‍ പള്ളിയില്‍വച്ച് വിവാഹം നടത്താമെന്നായി വികാരിയച്ചന്‍. അതിന് ലോറന്‍സ് തയ്യാറായില്ല. അങ്ങനെ തൃപ്പൂണിത്തുറ കരിങ്ങാച്ചിറ യാക്കോബായ പള്ളിയില്‍ കല്യാണം നടത്താന്‍ തീരുമാനമായി. മാമോദീസ മുങ്ങിയിട്ടുണ്ടെന്ന കത്തുണ്ടെങ്കില്‍ നടത്താമെന്നായി അവിടെ വികാരിയച്ചന്‍. മെത്രാന്റെ അനുമതിയോടെ കത്തുതന്നു. മാടമാക്കല്‍ എംഎം ലോറന്‍സ് കത്തോലിക്കാ സഭയ്ക്ക് പുറത്തു വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നു. ആദ്ദേഹത്തിന്റെ ഈ പാപ പ്രവൃത്തിയോടു യോജിപ്പില്ലെങ്കിലും വിവാഹത്തിന് സമ്മതം നല്‍കുകായിരുന്നു- ലോറന്‍സ് പറഞ്ഞു.

പാര്‍ട്ടിയില്‍ സജീവമായിരുന്ന കാലത്തു തന്നെ ഡല്‍ഹിക്ക് നാടുകടത്താന്‍ നടത്തിയ ശ്രമവും അദ്ദേഹം ഓര്‍മ്മിച്ചു. 1984 മുകുന്ദപുരം മണ്ഡലത്തിലെ തോല്‍വിക്ക് ശേഷം പിന്നീട് നടന്ന തെരഞ്ഞടുപ്പില്‍ അവിടെത്തന്നെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. ഡല്‍ഹിക്ക് പറഞ്ഞുവിടാനുള്ള നീക്കമായിരുന്നു ഇത്. ഇ ബാലാനന്ദനും, കെഎന്‍ രവീന്ദ്രനാഥും ഇതേക്കുറിച്ച് സൂചന തന്നു. മത്സരിക്കാന്‍ എനിക്കും സമ്മതമായിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോള്‍ മത്സരിക്കാനില്ലെന്ന് ഇഎംഎസിനോട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും പറഞ്ഞെന്ന് ലോറന്‍സ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com