കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്?; യോഗം വിളിച്ച് ജോസ് കെ മാണി, ചെയര്‍മാനെ നാളെ തീരുമാനിക്കുമെന്ന് പ്രഖ്യാപനം

കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്?; യോഗം വിളിച്ച് ജോസ് കെ മാണി, ചെയര്‍മാനെ നാളെ തീരുമാനിക്കുമെന്ന് പ്രഖ്യാപനം

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്കെന്ന സൂചനയുമായി ജോസ് കെ മാണി ഞായറാഴ്ച പാര്‍ട്ടി യോഗം വിളിച്ചു. നാലില്‍ ഒന്ന് നേതാക്കളുടെ രേഖാമൂലമുള്ള പിന്തുണയുമായാണ് യോഗം വിളിച്ച് ചേര്‍ക്കുന്നതെന്നും പുതിയ ചെയര്‍മാന്‍ നാളെ ഉണ്ടാകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. യോഗത്തിന്റെ പ്രധാന അജണ്ട പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുക എന്നതാണ്. യോഗത്തിലേക്ക് പിജെ ജോസഫ് വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ജോസ് കെ മാണി യോഗം വിളിച്ചത് താന്‍ അറിഞ്ഞിട്ടില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. 

സംസ്ഥാന കമ്മറ്റിയിലെ 400 സ്ഥിരാംഗങ്ങളില്‍ മുന്നൂറോളം അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ അവകാശവാദം. സംസ്ഥാന കമ്മറ്റി വിളിക്കണമെങ്കില്‍ നാലില്‍ ഒന്ന് അംഗങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. 115 അംഗങ്ങളുടെ പിന്തുണയാണ് സംസ്ഥാന കമ്മറ്റി യോഗം വിളിക്കാന്‍ വേണ്ടതെന്നിരിക്കെ 127 അംഗങ്ങള്‍ ഒപ്പിട്ട കത്ത് കൈമാറിയിട്ടും യോഗം വിളിക്കാന്‍ പിജെ ജോസഫ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ്  യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയത്. 

ഭൂരിപക്ഷ അഗംങ്ങളുടെ പിന്തുണയോടെയാണ് യോഗം ചേരുന്നതെന്നും അതിനാല്‍ ഇതൊരു വിമത പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഇത്തരമൊരു നീക്കത്തിലൂടെ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ നഷ്ടപ്പെടില്ല എന്ന നിയമോപദേശവും ജോസ് കെ മാണിക്ക് ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com