'ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമേ അറിയൂ': മോഹന്‍ലാല്‍ ആരാധകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി, ഒന്നും മിണ്ടാതെ ലാല്‍

മോഹന്‍ലാല്‍ വേദിയില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ സംസാരിച്ചത്.
'ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമേ അറിയൂ': മോഹന്‍ലാല്‍ ആരാധകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി, ഒന്നും മിണ്ടാതെ ലാല്‍

താരങ്ങളുടെ പിന്‍ബലം തീര്‍ച്ചയായും ആരാധകര്‍ തന്നെയാണ്. പക്ഷേ ചിലസമയത്ത് ഇത്തരക്കാരുടെ സംയമനമില്ലാത്ത പെരുമാറ്റം അസ്വസ്ഥതകള്‍ക്ക് വഴി വെക്കാം. മോഹന്‍ലാലിനെ കണ്ട് ആര്‍പ്പ് വിളിച്ച ആരാധകരെ ചെറുതായൊന്ന് വിമര്‍ശിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. 

പാലക്കാട് നെന്‍മാറയിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങില്‍ ഉദ്ഘാടകന്‍ ആയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. മോഹന്‍ലാലായിരുന്നു ചടങ്ങിന്റെ വിശിഷ്ടാതിഥി. ആദ്യം മോഹന്‍ലാലിനെ പ്രശംസിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. 

മോഹന്‍ലാലിനെ കണ്ട നിമിഷം മുതല്‍ ആരാധകര്‍ കയ്യടിച്ചും ആര്‍പ്പു വിളിച്ചും സന്തോഷം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും മോഹന്‍ലാലിന് വേണ്ടിയുള്ള ആര്‍പ്പുവിളി അവസാനിച്ചില്ല. അദ്ദേഹം സംസാരിക്കുന്നതിനിടയിലും ആരാധകര്‍ ബഹളം വെച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി സൗമ്യനായി തന്നെ ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു.

'ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവര്‍ ബോധവാന്‍മാരല്ല. അതുകൊണ്ടാണ് അവരിങ്ങനെ ഇടയ്ക്കിടെ ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇനി ഇതുകൊണ്ടിവര്‍ അതവസാനിപ്പിക്കുമെന്നൊന്നും കരുതണ്ട, ഇതവസാനം വരെ തുടര്‍ന്നു കൊണ്ടിരിക്കും'- മുഖ്യമന്ത്രി പറഞ്ഞു.

മോഹന്‍ലാല്‍ വേദിയില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ സംസാരിച്ചത്. പക്ഷേ ഇതുകൊണ്ടൊന്നും ലാലേട്ടന്‍ ഫാന്‍സ് അടങ്ങിയില്ല. അവര്‍ ഒച്ചവെച്ചുകൊണ്ടേയിരുന്നു. തുടര്‍ന്ന് സംസാരിച്ച മോഹന്‍ലാല്‍ സംഭവത്തെക്കുറിച്ച് പരാമര്‍ശിച്ചുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com