പരിശീലനകാലത്ത് സൗഹൃദം പൂവിട്ടു, പിന്നാലെയുളള ഉലച്ചില്‍ ദാരുണ കൊലയിലേക്ക് നയിച്ചു?; അജാസിന്റെയും സൗമ്യയുടെയും ഫോണുകള്‍  പരിശോധിക്കും

പ്രതി അജാസും കൊല്ലപ്പെട്ട സൗമ്യയും പരിചയക്കാരാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്
പരിശീലനകാലത്ത് സൗഹൃദം പൂവിട്ടു, പിന്നാലെയുളള ഉലച്ചില്‍ ദാരുണ കൊലയിലേക്ക് നയിച്ചു?; അജാസിന്റെയും സൗമ്യയുടെയും ഫോണുകള്‍  പരിശോധിക്കും

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥയെ വണ്ടിയിടിച്ച് വീഴ്ത്തി കത്തിക്കൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അജാസും കൊല്ലപ്പെട്ട സൗമ്യയും പരിചയക്കാരാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

പൊലീസ് അക്കാദമിയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.നാലുവര്‍ഷം മുമ്പാണ് സൗമ്യ തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെത്തുന്നത്. അന്ന് അജാസ് അവിടെ ഹവില്‍ദാറാണ്.

സൗമ്യയുടെ ബാച്ചിന്റെ പരിശീലകനായി അജാസ് ജോലിചെയ്തിരുന്നു. പരിശീലനകാലത്തെ സൗഹൃദം ഇരുവരും തുടര്‍ന്നിരിക്കാമെന്നാണ് ഇപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംശയിക്കുന്നത്. ഈ സൗഹൃദത്തിലുണ്ടായ ഉലച്ചിലാണ് ദാരുണകൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു.

ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സൗമ്യയെ നിരന്തരം ഫോണ്‍ ചെയ്ത് ബുദ്ധിമുട്ടിച്ചിരുന്നതായി സംഭവമറിഞ്ഞ് വീട്ടിലെത്തിയവരോട് ബന്ധുക്കള്‍ പറഞ്ഞു. ഇത് പ്രതിയാകാമെന്ന് സംശയിക്കുന്നു. എങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

പൊലീസ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് സൗമ്യയ്ക്ക് വള്ളികുന്നം സ്‌റ്റേഷനില്‍ നിയമനംകിട്ടുന്നത്. അജാസ് പിന്നീട് ആലുവയിലേക്കും. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി സഹപ്രവര്‍ത്തകര്‍ക്ക് അറിവില്ല.

ഏല്‍പ്പിക്കുന്ന ജോലികളെല്ലാം ആത്മാര്‍ഥതയോടെ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥയായിരുന്നു സൗമ്യയെന്നാണ് മേലുദ്യോഗസ്ഥരെല്ലാം പറയുന്നത്. ആര്‍ക്കും ഇവരെപ്പറ്റി പരാതിയില്ല. സ്‌റ്റേഷനില്‍ പരാതികളുമായെത്തുന്നവരോടെല്ലാം നല്ലരീതിയില്‍ ഇടപെടുന്ന ഉദ്യോഗസ്ഥകൂടിയായിരുന്നു. പിന്നെ, എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും നിശ്ചയമില്ല.

സൗമ്യയുടെയും അജാസിന്റെയും മൊബൈല്‍ഫോണുകള്‍ പൊലീസ് പരിശോധിക്കും. സംഭവത്തിലെ ദുരൂഹതനീക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസ് അക്കാദമിയില്‍ സൗമ്യയ്‌ക്കൊപ്പം പരിശീലനം നേടിയവരില്‍നിന്ന് മൊഴിയെടുക്കാനും സാധ്യതയുണ്ട്.

കൊലപാതകത്തില്‍ കലാശിക്കത്തക്ക വിധത്തിലെ തര്‍ക്കം ഇവര്‍ തമ്മിലുണ്ടായിരിന്നിരിക്കാം എന്നതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംശയമില്ല. സൗമ്യയുടെ മരണംതന്നെയായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പൊലീസ് ഉദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.സൗമ്യ പുഷ്പകരന്റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‌മോര്‍ട്ടം. സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫോറന്‍സിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ആസൂത്രിതമായ കൊലപാതകമാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് അജാസിനെ കൂടുതല്‍ ചോദ്യം ചെയ്താലെ വ്യക്തത വരു എന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com